അടിമാലി: മാങ്കുളത്ത് പുഴയോരത്തെ പുറമ്പോക്കിൽ ഏറുമാടത്തിൽ കണ്ടെത്തിയ വനവാസി കുട്ടികളെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു. മാങ്കുളം ആനക്കുളത്തിന് സമീപം  വല്യപാറക്കുട്ടിയിൽ പുഴയോരത്ത് ഏറുമാടത്തിൽ കഴിഞ്ഞിരുന്ന സഹോദരങ്ങളായ 11,7,6 വയസുകളുള്ള മൂന്ന് കുട്ടികളെയാണ്  ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഏറ്റെടുത്തത്.വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജില്ലാ കലക്ടർ വി. വിഘ്നേശ്വരിയും അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി. ഇതിനിടെ വാർത്ത ശ്രദ്ധയിൽ പെട്ട ചിത്തിരപുരം ലിറ്റിൽ ഫ്ലവർ മേഴ്സി ഹോം ഡയറക്ടർ മാത്യു മാനുവൽ, കുട്ടികളെ ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ച് രംഗത്തുവന്നു. ഇതിനിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൻ പി. ജയശീലനും സംഭവത്തിൽ അടിയന്തിരമായി ഇടപെട്ടു. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത ആനന്ദൻ, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് കുര്യൻ, ഗ്രാമപഞ്ചായത്തംഗം സവിത റോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികൾ താമസിച്ച് വരുന്ന സ്ഥലത്തെത്തി കുട്ടികളെ  മാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജിൻ്റെ നേതൃത്വത്തിൽ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയൽ പബ്ലിക് ഹെൽത്ത് നേഴ്സ് റ്റി. പ്രിയാവതി എന്നിവരടങ്ങുന്ന സംഘം കുട്ടികളെ  ചെങ്കുളത്ത് പ്രവർത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ വീഡിയോ കോൺഫറൻസിലൂടെ ശിശു ക്ഷേമ സമിതി ചെയർമാൻ്റെ മുൻപിലും കുട്ടികളെ ഹാജരാക്കി. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് താൽക്കാലികമായി മാറ്റിയത്.  ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികളെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനത്തിനിടയിലാണ് കണ്ടെത്തിയത്. അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന കുറത്തിക്കുടി സ്വദേശികളാണ് കുട്ടികൾ.  ഒന്നര മാസം മുമ്പാണ് കുട്ടികൾ പിതാവിനൊപ്പം വല്യപാറക്കുട്ടിയിൽ എത്തിയതെന്ന് അധികൃതർ പറഞ്ഞു.

ഏതാനും മാസങ്ങളായി കുട്ടികളുടെ വിദ്യാഭ്യാസവും മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികളുടെ സംരക്ഷണം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഏറ്റെടുത്തിട്ടുള്ളത്.

കുട്ടികളുടെ തുടർ സംരക്ഷണം, വിദ്യാഭ്യാസം, പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ  ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി.ഐ നിഷ അറിയിച്ചു. മാതാവ് ഉപേക്ഷിച്ചു പോയ കുട്ടികൾ വനാതിർത്തിയിലെ ഏറുമാടത്തിൽ തനിച്ചായിരുന്നു താമസം. രാത്രികാലങ്ങളിൽ മാത്രമാണ് പിതാവ് എത്തിയിരുന്നത്. പോഷകാഹാരത്തിന്റെ കുറവ് പ്രഥമദൃഷ്ട്യാ തിരിച്ചറിയുന്ന വിധത്തിലായിരുന്നു കുട്ടികളെ കണ്ടെത്തിയത്.

വനാതിർത്തിയിലെ മരച്ചില്ലകളിൽ കാട്ടുകമ്പുകൾ വച്ചുകെട്ടിയുണ്ടാക്കിയ ഏറുമാടത്തിന് താഴ്ഭാഗത്താണ് ഇവർ താൽക്കാലിക അടുപ്പുകല്ലുകൾ സ്ഥാപിച്ച് ഭക്ഷണം പാചകം ചെയ്തിരുന്നത്. ഏറുമാടത്തിന്റെ താഴ്ഭാഗത്തായി കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ പതിവായി ഉണ്ടായിരുന്നു. ഇന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് വിശദ പരിശോധന നടത്തി ആവശ്യമെങ്കിൽ ചികിത്സ നൽകുമെന്നും തിങ്കളാഴ്ച മുതൽ തന്നെ തുടർ പഠന സൗകര്യം ഒരുക്കുമെന്നും മേഴ്സി ഹോം ഡയറക്ടർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here