കട്ടപ്പന: പരുന്തുംപാറ കൈയേറ്റത്തില്‍ കലക്ടര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടപടി കടുപ്പിച്ചതോടെ അന്വേഷണത്തിന് തടയിടാന്‍ ഉന്നതതല നീക്കം. ഭരണ കക്ഷിയിലെയും പ്രതിപക്ഷത്തെയും അടക്കം ഉന്നതരെ സ്വാധീനിച്ച് കൈയേറ്റം സംബന്ധിച്ച അന്വേഷണം നിര്‍ത്തിവയ്പ്പിക്കാനുള്ള നീക്കം നടത്താനാണ് ശ്രമം. ഇതിനായി മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും അടക്കം കാണാന്‍ ജില്ലയില്‍ നിന്നുള്ള ഒരു സംഘം ശ്രമം തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിന്റെ ഉടമസ്ഥതതയിലുള്ള മൂന്നേക്കറിലേറെ സ്ഥലത്ത് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടി കടുപ്പിച്ചിരുന്നു. ഇവിടെ അനധികൃതമായി നിര്‍മിച്ച കുരിശ് അടക്കം ദൗത്യ സംഘം പൊളിച്ചു നീക്കി. കലക്ടറുടെ നിരോധനാജ്ഞ അവഗണിച്ചുകൊണ്ടായിരുന്നു സജിത് ജോസഫിന്റെ സ്ഥലത്ത് നിര്‍മാണം നടന്നിരുന്നത്.
പരുന്തുംപാറയിലെ വന്‍കിട കൈയേറ്റങ്ങള്‍ വിവാദമായതോടെ ഇടുക്കി ജില്ലാ കലക്ടര്‍ വി. വിഘ്‌നേശ്വരി നിയോഗിച്ച 15 അംഗ ദൗത്യ സംഘം നിലവില്‍ പ്രദേശത്ത് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. പരിശോധനയില്‍ നിര്‍ണായക വിവരങ്ങളാണ് ദൗത്യ സംഘത്തിനു ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.


പ്രദേശത്തെ റവന്യൂ വകുപ്പുമായി യാതൊരു വിവരവും കൈമാറാതെയാണ് ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം. പരുന്തുംപാറ മേഖലയില്‍ കോടികളുടെ ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ദൗത്യ സംഘത്തിനു വിവരം ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയടക്കം കൈയേറിയ ശേഷം വ്യാജ രേഖകള്‍ ചമച്ച് ഈ ഭൂമി വന്‍കിട ലോബികള്‍ക്ക് മറിച്ചു വില്‍ക്കുന്ന ഇടനിലക്കാര്‍ ഇവിടെയുണ്ട്. തദ്ദേശവാസികളുടെ കൈവശ ഭൂമി കൈയടക്കി വലിയ വിലയില്‍ മറിച്ചു വില്‍ക്കുന്നതും ഇത്തരം ലോബികളാണ്.


രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബിയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നതെന്നും ദൗത്യ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. പരുന്തുംപാറ മേഖല വിനോദ സഞ്ചാര കേന്ദ്രമായി വളര്‍ന്ന കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ സംഘം പ്രദേശത്ത് കോടികളുടെ ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. അന്വേഷണം മുന്നോട്ട് പോയാല്‍ ഉന്നതന്‍മാരുടെ പേരുകള്‍ അടക്കം പുറത്തു വരുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. ഇതോടെയാണ് അന്വേഷണം മുരവിപ്പിക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here