108 ആംബുലന്‍സ് സേവനം ലഭ്യമായില്ല:

രോഗി രക്തം വാര്‍ന്ന് മരിച്ചു

തൊടുപുഴ: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന്‍ കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന്് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വയോധികന്‍ രക്തം വാര്‍ന്ന് മരിച്ചു. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്. സംഭവത്തില്‍ മകന്‍ രാജേഷിനെ (45) കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതര പരുക്കേറ്റ് തൊടുപുഴയിലെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടര്‍ റഫര്‍ ചെയ്‌തെങ്കിലും വിളിച്ച് വരുത്തിയ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമായില്ലെന്ന് ആരോപണമുണ്ട്. രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഐ.സി.യു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്ന് വന്ന ഡ്രൈവര്‍ നിലപാട് എടുത്തതോടെ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടയില്‍ രോഗി രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. ആംബുലന്‍സ് സേവനം ലഭിക്കാന്‍ വൈകിയതാണ് മരണകാരണമെന്ന് ആരോപണമുണ്ട്. ഈ സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല.

പിടിയിലായ രാജേഷ്

അമയപ്രക്ക് സമീപം വേലപ്പന്റെ മറ്റൊരു മകന്‍ രാജീവ് വാടകയ്ക്കെടുത്ത വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് വേലപ്പന് മര്‍ദനമേല്‍ക്കുന്നത്. വീട്ടില്‍ നിന്നും വലിയ ബഹളവും കരച്ചിലും കേള്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ വീട്ട് മുറ്റത്ത് തലയ്ക്ക് പരുക്കേറ്റ് രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന്‍ രാജേഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാക്കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. വേലപ്പന് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടര്‍ റഫര്‍ ചെയ്യുകയായിരുന്നു. 108 ആംബുലന്‍സ് എത്തിയെങ്കിലും വേലപ്പനെ കൊണ്ടു പോകാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഇതിനിടെ വേലപ്പന്‍ മരിക്കുകയായിരുന്നു.വേലപ്പന്‍ മരിച്ചതറിഞ്ഞതോടെ ആംബുലന്‍സ് ഡ്രൈവറും നഴ്സും വാഹനം ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട ശേഷം സ്ഥലം വിട്ടതായും വേലപ്പന്റെ ബന്ധുക്കള്‍ ആരോപിച്ചു.

സംഭവമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വേലപ്പന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ. പി.എന്‍ അജി പറഞ്ഞു. പരുക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി 108 ആംബുലന്‍സ് വിളിച്ച് നല്‍കുകയും ചെയ്തു. ആംബുലന്‍സ് ഓടിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. വേലപ്പനെ ആംബുലന്‍സില്‍ കയറ്റാത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ താമസിക്കുന്ന മകന്‍ രാജേഷുമായി വേലപ്പന് സ്വത്ത് സംബന്ധമായി തര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ രാജേഷിനെ കസ്റ്റഡിയില്‍ എടുത്തതായി കരിമണ്ണൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. അമ്മിണിയാണ് മരിച്ച വേലപ്പന്റെ ഭാര്യ.

LEAVE A REPLY

Please enter your comment!
Please enter your name here