ചെറുതോണി: യന്ത്രസഹായത്താല്‍ പണമിരട്ടിപ്പിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇടുക്കി മണിയാറന്‍കുടി പാണ്ടിയേല്‍ സോണിയുടെ ഏഴ് ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാളെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തില്‍ മൂന്നു പേരാണുള്ളത്. ഇതില്‍ ഇവരെ പണം തട്ടിയ ശേഷം രക്ഷപ്പെടാന്‍ സഹായിച്ച സിറാജുദ്ദീന്‍ (33) നെയാണ് തമിഴ്നാട് ഈറോട് ആന്തിയൂരുള്ള ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. പണം ഇരട്ടിപ്പു സംബന്ധിച്ച് സോണിയുമായി ഒരു മാസം മുമ്പു മുതല്‍ പ്രധാനിയായ മുരുകന്‍ എന്നയാളുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. സോണിയുടെ തൊഴിലാളി ഗോപിയാണ് ഇവരെ സോണിയ്ക്ക് പരിചയപ്പെടുത്തിയത്. കൂടുതല്‍ വിവരം അറിയുന്നതിനായി സോണി തമിഴ്നാട്ടില്‍ പോയിരുന്നു. സോണി ഇവര്‍ക്ക് 2000 രൂപ നല്‍കിയപ്പോള്‍ ഇരട്ടിച്ച നോട്ടാണെന്ന് വിശ്വസിപ്പിച്ച് ഇവര്‍ക്ക് ആയിരം രൂപ നല്‍കി. ഈ നോട്ട് സി ഡി എം ല്‍ ഇട്ടപ്പോള്‍ കുഴപ്പമില്ലായിരുന്നു.

ഇതേ തുടര്‍ന്നാണ് നോട്ട് ഇരട്ടിപ്പിക്കാന്‍ സോണി തീരുമാനിച്ചത്. ഇതിനായി കഴിഞ്ഞ 16 ന് തട്ടിപ്പ് സംഘം ഇടുക്കിയില്‍ എത്തിയിരുന്നു. എന്നാല്‍ അന്ന് പണം കിട്ടിയില്ല. 17 ന് വീണ്ടും ഇവര്‍ വന്നിരുന്നു. രണ്ടുപേര്‍ മുറിയെടുത്ത് ലോഡ്ജില്‍ താമസിക്കുകയും സിറാജുദ്ദീന്‍ കാറുമായി മാറി നില്‍ക്കുകയുമായിരുന്നു. 17 ന് ഉച്ചകഴിഞ്ഞ് സോണിയുടെ വീട്ടില്‍ വച്ച് പണം കൈമാറി. ഈ പണം ബാന്‍ഡേജിട്ട് സോണിയെ തന്നെ ഏല്‍പ്പിക്കുമെന്നാണ് ഇവര്‍ വിശ്വസിപ്പിച്ചത്. ബാന്‍ഡേജ് ഇടുന്നതിനിടെ സോണിയോട് ഇവര്‍ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. സോണി വെള്ളമെടുക്കാന്‍ പോയ സമയത്ത് ഇവര്‍ പണം മാറ്റി, ഇവര്‍ കൊണ്ടുവന്ന കടലാസുകെട്ട് ബണ്ടിലാക്കി ബാഗിലാക്കി സോണിയെ ഏല്‍പ്പിക്കുകയായിരുന്നു. 16 മണിക്കൂറിന് ശേഷമേ തുറക്കാവൂ എന്ന് നിര്‍ദ്ദേശിച്ച ശേഷം സിറാജുദ്ദീന്‍റെ വണ്ടിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തിരികെ പോകുമ്പോള്‍ ഒരാള്‍ കമ്പത്തും, മറ്റൊരാള്‍ രാജപാളയത്തും ഇറങ്ങിയെന്നുമാണ് സിറാജുദ്ദീന്‍ പറയുന്നത്. സിറാജുദ്ദീന് പണം നല്‍കിയില്ലെന്നും ഇയാള്‍ പറയുന്നു.

എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. വലിയ തട്ടിപ്പ് സംഘമാണെന്നും നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. സിറാജുദ്ദീന്‍ കോതമംഗലം സ്വദേശിയും, ബ്രിട്ടാനിയ കമ്പിനിയിലെ ജീവനക്കാരനുമായിരുന്നു. ഇപ്പോള്‍ വിവാഹിതനായി തമിഴ്നാട്ടിലാണ് താമസിക്കുന്നത്.

മറ്റ് രണ്ടു പേരെയുംകൂടി കിട്ടിയാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്ന് പോലീസ് പറയുന്നു. ഇടുക്കിയില്‍ വന്നപ്പോഴും, തമിഴ്നാട്ടില്‍ സോണി ചെന്നപ്പോഴും സോണിയെക്കൊണ്ടാണ് ഇവര്‍ മുറിയെടുപ്പിച്ചത്. അതിനാല്‍ ഇവരുടെ രേഖകളൊന്നും ലഭിച്ചിട്ടില്ല. ഡി വൈ എസ് പി ജില്‍സണ്‍ മാത്യുവിന്‍റെ നിര്‍ദ്ദേശാനുസരണം എസ് ഐ മാരായ രാജേഷ് കുമാര്‍, ജോര്‍ജ്ജുകുട്ടി, എച്ച് സി മാരായ അനീഷ്, ജിമ്മി ജേക്കബ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here