കൊച്ചി: ജനവാസ മേഖലകളിലേക്ക് തുടര്‍ച്ചയായി കാട്ടാനകളിറങ്ങുന്നത് നിയന്ത്രിക്കാന്‍ ഊര്‍ജ്ജിത നടപടിയെടുക്കുമെന്നും ഇതിനായി 52 കോടി രൂപയുടെ പദ്ധതി ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.എസ്. അരുണും വൈല്‍ഡ്‌ലൈഫ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദും പറഞ്ഞു. മൂന്നാറില്‍ നടന്ന അവലോകനയോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. നബാര്‍ഡ്, റീബില്‍ഡ് കേരള, ഇടുക്കി പാക്കേജ്, രാഷ്ട്രീയ് കൃഷി വികാസ് യോജന എന്നിവയില്‍ നിന്നായി ലഭിച്ച 52 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. ഇതില്‍ 18 കോടി രൂപ ഹൈറേഞ്ച് സര്‍ക്കിളിലെയും 34 കോടി രൂപ കോട്ടയം വൈല്‍ഡ് ലൈഫ് സര്‍ക്കിളിലെയും മനുഷ്യ- വന്യജീവി സംഘര്‍ഷം പ്രതിരോധിക്കാനാണ് വിനിയോഗിക്കുക. മൂന്നാറില്‍ സ്ഥിരമായി ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നത് ശക്തമാക്കും. ആന ജനവാസ മേഖലകളിലിറങ്ങിയാല്‍ കൃത്യമായി പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കും. ജനവാസമേഖലയില്‍ ആനകളിറങ്ങിയാല്‍ വിനോദ സഞ്ചാരികളടക്കമുള്ള യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വാല്‍പ്പാറ മാതൃകയില്‍ റോഡരികില്‍ ഡിസ്പ്ലേ ബോര്‍ഡുകളും ലൈറ്റുകളും സ്ഥാപിക്കും.
കാട്ടാന രാത്രികളിലെത്തുന്ന ലയങ്ങള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ആദിവാസി കുടികള്‍ എന്നിവിടങ്ങളില്‍ പഞ്ചായത്തുമായി ചേര്‍ന്ന് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ആനകളിറങ്ങിയാല്‍ പൊതുജനങ്ങള്‍ക്ക് ഫോണില്‍ മെസേജ് ലഭിക്കുന്ന എസ്.എം.എസ് അലര്‍ട്ട് സിസ്റ്റം കൂടുതല്‍ കാര്യക്ഷമമാക്കും. മദപ്പാടുള്ള പടയപ്പ പോലെയുള്ള ആനകളെ തുടര്‍ നിരീക്ഷണം നടത്തും. ആനകളെയും മറ്റ് വന്യമൃഗങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള മാലിന്യ നിക്ഷേപം, വഴിയരികിലെ അനധികൃതമായിട്ടുള്ള ഭക്ഷണശാലകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും മറ്റ് വകുപ്പുകളുടെയും നേതൃത്വത്തില്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കും. മൂന്നാര്‍ കല്ലാറില്‍ സ്ഥിരമായി ആനകളെത്തുന്ന പഞ്ചായത്തിന്റെ മാലിന്യപ്ലാന്റിന് സമീപം സൗരോര്‍ജ്ജ തൂക്കുവേലി സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇത് പ്രാവര്‍ത്തികമായാല്‍ ആന മൂന്നാര്‍ ടൗണിലെത്തുന്ന സാഹചര്യം ഒഴിവാകും. ജില്ലയില്‍ നാല് സ്ഥിരം റാപ്പിഡ് റെസ്‌പോണ്‍സ് ടീമും (ആര്‍.ആര്‍.ടി) ഒമ്പത് താത്കാലിക ആര്‍.ആര്‍.ടിയുമാണുള്ളത്. പലപ്പോഴും ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം ആനകള്‍ ജനവാസമേഖലയിലിറങ്ങിയാല്‍ ചെത്തുന്നതിന് 20 – 30 മിനിട്ട് താമസമുണ്ടാകാറുണ്ട്. അതിനാല്‍ പ്രദേശവാസികളായ വോളന്റീയര്‍മാരെ ഉള്‍പ്പെടുത്തിയുള്ള പ്രൈമറി റെസ്‌പോണ്‍സ് ടീമിന് പരിശീലനം നല്‍കും. മൂന്നാറില്‍ എട്ട് പ്രൈമറി റെസ്‌പോണ്‍സ് ടീം നിലവിലുണ്ട്. ഇവ ശക്തിപ്പെടുത്തും. മാങ്കുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച എ.ഐ ക്യാമറ നിരീക്ഷണ സംവിധാനം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. മനുഷ്യ- വന്യജീവി സംഘര്‍ഷ ലഘൂകരണ രൂപരേഖയുടെ കരട് തയ്യാറാക്കി വരികയാണെന്നും ഇരുവരും പറഞ്ഞു.




