മുള്ളരിങ്ങാട്: കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇന്നലെ തൊടുപുഴയില്‍ നടത്തിയ സിറ്റിംഗിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ചെയര്‍പഴ്സന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശം നല്‍കിയത്. വനം ചീഫ് കണ്‍സര്‍വേറ്റര്‍, ഡി.എഫ്.ഒ, ജില്ലാ കളക്ടറുടെ പ്രതിനിധി എന്നിവരാണ് ഇന്നലെ കമ്മീഷനു മുമ്പാകെ ഹാജരായത്. കാട്ടാന പ്രതിരോധത്തിന് സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയ കേസെടുത്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനായി വനംവകുപ്പ് മേധാവിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ വനം, റവന്യൂ, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്ന് ചെയര്‍പേഴ്സന്‍ ഉത്തരവിട്ടിരുന്നു. വന്യജീവികള്‍ ജനവാസമേഖലയില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് എം.പി, എം.എല്‍.എ, പഞ്ചായത്തംഗങ്ങള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ അറിയണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. വന്യജീവി ആക്രമണം തടയുന്നതിനും ഇല്ലാതാക്കുന്നതിനുമായി ഫലപ്രദമായ പ്രതിരോധ നടപടികള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.




