തൊടുപുഴ: ബസ് യാത്രക്കാരായ സ്ത്രീകളുടെ ബാഗുകളില്‍ നിന്ന് പണവും സ്വര്‍ണവും അപഹരിക്കുന്ന സംഘങ്ങള്‍ വീണ്ടും സജീവമായി. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സ്ത്രീകളുടെ സംഘങ്ങളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ കൂടുതലായുമുള്ളത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തി വരുന്നതായാണ് പോലീസ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കോളപ്ര സ്വദേശിനിയുടെ ഒരു ലക്ഷം രൂപയാണ് ബസ് യാത്രക്കിടയില്‍ നഷ്ടമായത്. തൊടുപുഴയിലെ എല്‍.ഐ.സി ഓഫീസില്‍ അടയ്ക്കാനായി കൊണ്ടു പോയ പണമാണ് ബസില്‍ നിന്നും നഷ്ടപ്പെട്ടത്. എല്‍.ഐ.സി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ കോളപ്ര പാങ്കരയില്‍ രമ്യയുടെ പണമാണ് മോഷണം പോയത്. തൊടുപുഴയില്‍ എത്തി ബാഗ് പരിശോധിച്ചപോഴാണ് പണം നഷ്ടപ്പെട്ടതായി രമ്യ അറിയുന്നത്. പണം തട്ടിയെടുത്തെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ ചിത്രം സി.സി.ടി.വി കാമറയില്‍ നിന്നും ലഭിച്ചെങ്കിലും ഇവരെ പിടികൂടാനായില്ല. അന്വേഷണം നടത്തി വരികയാണെന്ന് മുട്ടം പോലീസ് പറയുന്നു. മുട്ടത്തിറങ്ങിയ ഇവര്‍ ഈരാറ്റുപേട്ടയില്‍ എത്തിയതായി വിവരം ലഭിച്ചിരുന്നു.

തിരഞ്ഞെടുക്കുന്നത് തിരക്കേറിയ ബസുകള്‍

രാവിലെയും വൈകുന്നേരവും തിരക്കേറിയ ബസുകളിലാണ് ഇത്തരത്തിലുള്ള സ്ത്രീകളായ മോഷ്ടാക്കള്‍ കയറുന്നതെന്ന് പോലീസ് പറയുന്നു. ബസില്‍ കയറി തിക്കും തിരക്കും ഉണ്ടാക്കി സ്ത്രീകളുടെ ബാഗ് തുറന്ന് പണവും ആഭരണവും കവര്‍ച്ച നടത്തി അടുത്ത സ്റ്റോപ്പുകളില്‍ ഇറങ്ങി രക്ഷപെടുകയാണ് ഇവരുടെ പതിവ്. അവിടെ നിന്നും ഓട്ടോയില്‍ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തെത്തിയാല്‍ പിന്നെ ഇവരെ കണ്ടെത്താന്‍ തന്നെ ബുദ്ധിമുട്ടാണ്. മോഷണത്തിനിരയായ ആള്‍ പണവും ആഭരണവും നഷ്ടപ്പെട്ടെന്ന വിവരം അറിയുമ്പോഴേയ്ക്കും മോഷ്ടാക്കള്‍ സുരക്ഷിതമായി രക്ഷപെട്ടിരിക്കും. പലപ്പോഴും സി.സി.ടി.വികളില്‍ നിന്നും ഇവരുടെ ചിത്രങ്ങളും മറ്റും ലഭിക്കുമെങ്കിലും പ്രതികളെ  കണ്ടെത്തുന്നത് ശ്രമകരമാണെന്ന് പോലീസ് പറയുന്നു.

പോലീസ് പരിശോധന കാര്യക്ഷമമായില്ല

നേരത്തെ തൊടുപുഴ മേഖലയില്‍ ഇത്തരത്തില്‍ മോഷണം വ്യാപകമായതിനെ തുടര്‍ന്ന് ബസില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഉടുമ്പന്നൂര്‍ – തൊടുപുഴ റൂട്ടില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ബസില്‍ വച്ച്  നഷ്ടമായതിനെ തുടര്‍ന്നാണ് ആ സമയം പോലീസ് നിരീക്ഷണം ശക്തമാക്കിയത്. വനിത പോലീസ് ഉദ്യോഗസ്ഥരെ മഫ്ടിയിലും മറ്റും ബസുകളില്‍ നിയോഗിച്ചാണ് പോലീസ് പരിശോധന ശക്തിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത്തരം പരിശോധനകള്‍ കാര്യക്ഷമമായില്ല. ഇതെ തുടര്‍ന്നാണ് വീണ്ടും ബസുകളില്‍  മോഷണ സംഘങ്ങള്‍ സജീവമായത്.

ബസില്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

ഇതിനിടെ സ്വകാര്യ ബസുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊടുപുഴ മേഖലയില്‍ പകുതിയോളം ബസുകളില്‍ സി.സി.ടി.വി കാമറകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. മാര്‍ച്ച് 31-നകം എല്ലാ സ്വകാര്യ ബസുകളിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചാല്‍ മോഷ്ടാക്കളെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here