തൊടുപുഴ: പുഴയോരം ബൈപ്പാസില്‍ ഓട്ടത്തിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് പതിച്ചു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ബുധനാഴ്ച രാത്രിയിലാണ് സംഭവം. കാഞ്ഞിരമറ്റം സ്വദേശിയാണ് അപകടത്തില്‍പ്പെട്ടത്. രോലാനി – വെങ്ങല്ലൂര്‍ ബൈപ്പാസില്‍ നിന്നും ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ ഭാഗത്തേക്ക് വന്ന കാര്‍ പാപ്പൂട്ടി ഹാളിന് അടുത്തായുള്ള വളവില്‍ വച്ച് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പുഴയിലിറങ്ങി കാറിന്റെ ചില്ല് പൊട്ടിച്ചാണ് അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ചത്. വാഹനം പുഴയിലേക്ക് പതിച്ചുവെങ്കിലും വെള്ളത്തിലേക്ക് വീണ് ഒഴുകിയിരുന്നില്ല. റോഡരികിലെ രണ്ട് വൈദ്യുതി തൂണ്‍ തകര്‍ത്ത് സമീപത്തെ കാട്ട് ചെടികള്‍ക്ക് മുകളിലേക്ക് വീണ് അതുള്‍പ്പെടെയാണ് കാര്‍ പുഴയിലേക്ക് പതിച്ചത്. ഈ ഭാഗത്ത് റോഡിന് സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ ഉണ്ടായിരുന്നില്ല. ഇതിന് ഏതാനും മീറ്റര്‍ മുമ്പിലായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ട്. വെങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുഴയിലേക്ക് പതിക്കും വിധം തുറന്ന രീതിയിലുള്ള വളവ് ഇതിന് മുമ്പും അപകട സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. വാഹനത്തിന് അല്‍പ്പം വേഗത കൂടുതലാണെങ്കില്‍ പോലും ഇവിടെയെത്തുമ്പോള്‍ നിയന്ത്രണം വിട്ട് പോകുന്ന സ്ഥിതിയാണ്. ഇവിടുത്തെ അപകട സാഹചര്യം ഇതിന് മുമ്പും പല പ്രാവശ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പരിഹാരമുണ്ടാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല. ഗതാഗത യോഗ്യമാക്കിയതിന് ശേഷം ഇതേ റോഡില്‍ അമിത വേഗത്തില്‍ വാഹനങ്ങള്‍ പോകുന്നതും മത്സര ഓട്ടം നടത്തുന്നതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതും അധികൃതര്‍ മുഖവിലക്കെടുത്തിരുന്നില്ല. പിന്നീട് ഒരു യുവാവിന്റെ മരണത്തെ തുടര്‍ന്നാണ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാന്‍ പോലും തയ്യാറായത്. രാപകല്‍ വ്യത്യാസമില്ലാതെ ഇപ്പോഴും വാഹനങ്ങള്‍ ഈ റൂട്ടില്‍ അമിത വേഗത്തിലാണ് കടന്ന് പോകുന്നത്. വേണ്ട രീതിയില്‍ സംരക്ഷണ വേലി നിര്‍മ്മിക്കുന്നതിനൊപ്പം നിരീക്ഷണ ക്യാമറാകളും സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് പുറമേ പോലീസും മോട്ടോര്‍ വാഹന വകുപ്പും ഉള്‍പ്പെടെയുള്ളവയുടെ നേതൃത്വത്തില്‍ രാത്രിയിലും പകലും പരിശോധന കര്‍ശനമാക്കുകയും വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here