കട്ടപ്പന: പി.എസ്.സിയുടെ ഇടുക്കി ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം 21ന് കട്ടപ്പനയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അമ്പലക്കവലയില്‍ നഗരസഭ വിട്ടു നല്‍കിയ 20 സെന്റ് സ്ഥലത്ത് 7.5 കോടി രൂപ ചെലവിലാകും മന്ദിരം നിര്‍മിക്കുന്നത്. കഴിഞ്ഞ ബജറ്റിലാണ് ഇതിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് നല്‍കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കിയിരുന്നു.
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഉദ്യോഗാര്‍ത്ഥികളുടെ കൂടി സൗകര്യം കണക്കിലെടുത്തു കൂടിയാണ് പുതിയ ബഹുനിലമന്ദിരത്തിലേക്ക് മാറുക. നിലവില്‍ പരിമിതികള്‍ ഒട്ടേറെയുള്ള ആസ്ഥാനത്തിനു പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്‍ നിരന്തര ഇടപെടലുകളാണ് നടത്തിയത്.
200 പേര്‍ക്ക് ഒരേ സമയം പരീക്ഷ നടത്താവുന്ന ആധുനിക നിലവാരത്തിലുള്ള ഓണ്‍ലൈന്‍ പരീക്ഷാ ഹാള്‍ അടക്കമുള്ള സൗകര്യങ്ങളോടു കൂടിയതാണ് പുതിയ കെട്ടിടം. നാല് നിലകളിലായി ഗസ്റ്റ് റൂം, ഇന്റര്‍വ്യൂ ഹാള്‍, റിക്രൂട്ട്‌മെന്റ് വിംഗ്, സര്‍വ്വീസ് വെരിഫിക്കേഷന്‍ വിംഗ്, എക്‌സാം സെക്ഷന്‍, ടോയിലറ്റ് കോംപ്ലക്‌സ് എന്നിവ കെട്ടിടത്തില്‍ ഉണ്ടാകും.



