പത്തനംതിട്ട: കാറ്റായും ഇടിമിന്നലായും മഴയായും കുറുനരിയുടെ ഓരിയിടലായും രക്തരക്ഷസ്സ് വേദിയിൽ ആടിത്തിമിർത്തപ്പോൾ നിറഞ്ഞ സദസ്സിൽ നിർത്താത്ത കയ്യടി.
ഏരീസ് കലാനിലയം പത്തനംതിട്ട കണ്ണംപുത്തൂർ ഗ്രൗണ്ടിൽ (ജിയോ ഗ്രൗണ്ട്) ദിവസങ്ങളായി അവതരിപ്പിച്ചുവരുന്ന രക്തരക്ഷസ്സ് നാടകം സ്കൂൾ കുട്ടികൾക്കായി പ്രത്യേകം പ്രദർശിപ്പിച്ചപ്പോഴാണ് ഇടതടവില്ലാതെ ആഹ്ലാദാരവങ്ങൾ മുഴക്കിയത്. വേദിയിൽ പറന്നിറങ്ങിയ പടുകൂറ്റൻ വിമാനം കണ്ട് കുട്ടികളുടെ കരഘോഷം മുഴങ്ങി. കുട്ടികൾ ആടിയും പാടിയും കയ്യടിച്ചും ചൂളം വിളിച്ചും പഞ്ച്ഡയലോഗ് ഏറ്റുപറഞ്ഞും രക്തരക്ഷസ്സിനെ ഹൃദയത്തിൽ ഏറ്റുവാങ്ങി.
നാടകത്തിൻറെ അവതരണഗാനത്തിൽ തുടങ്ങി ചെമ്പകത്തറയിൽ നിന്ന് ഇറങ്ങിയോടുന്ന ഭ്രാന്തനും മഴയും ഇടിമിന്നലും വരെ അവരിൽ കൗതുകമുണർത്തി. രക്തരക്ഷസ്സിൻറെ വരവ്, ലക്ഷ്മിയും ചന്ദ്രനുമായുള്ള സ്വപ്നരംഗങ്ങൾ, സ്പെഷ്യൽ ഇഫക്റ്റ് രംഗങ്ങൾ എന്നിവ കണ്ട് കുട്ടികളും അധ്യാപകരും എഴുന്നേറ്റു നിന്നു കയ്യടിച്ചു.
വൈകുന്നേരം 6 മണിയ്ക്കും രാത്രി9 മണിക്കും രണ്ട് സ്ഥിരം പ്രദർശനങ്ങൾക്ക് പുറമെയാണ് സ്കൂൾ കുട്ടികൾക്കു മാത്രമായി രാവിലെ 10 മണിയ്ക്ക് പ്രത്യേക പ്രദർശനമൊരുക്കിയിരിക്കുന്നതെന്ന് ഏരീസ് കലാനിലയം എംഡിയും നാടകത്തിൻറെ ക്രിയേറ്റീവ് ഡയറക്ടറുമായ കലാനിലയം അനന്തപത്മനാഭൻ പറഞ്ഞു. സ്കൂൾ കുട്ടികൾക്ക് പ്രത്യേക നിരക്കാണ്.
കുട്ടികളിൽ ഭൂരിഭാഗവും നാടകം കാണുന്നവരാണ്. നാടകം എന്തെന്ന് കുട്ടികളെ അറിയിക്കാനും ഇതിലൂടെ വരും നാളുകളിൽ ഈ കല നിലനിർത്താനുമാണ് കലാനിലയം സ്കൂൾ കുട്ടികൾക്കായി പ്രത്യേക ഷോ ഒരുക്കിയത്.
രക്തരക്ഷസ്സിൻറെ പ്രത്യേക പ്രദർശനത്തിൽ പത്തനംതിട്ടയിലെ കത്തോലിക്കേറ്റ്, ഭവൻസ് , കോന്നി റിപ്പബ്ലിക്കൻ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. നാടകാവതരണത്തിന് ശേഷം അഭിനേതാക്കളുമായി സംവദിച്ചു. അഭിനേതാക്കളുമായി സെൽഫിയെടുത്തും ആടിപ്പാടിയും അവർ ആഘോഷിച്ചു.


