ഉപ്പുതറ : ഭാര്യയുടെ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മരുമകനെ പോലീസ് അറസ്റ്റു ചെയ്തു. ചപ്പാത്ത് കന്നിക്കൽ എഴുകുന്താനത്ത് ലില്ലിക്കുട്ടിയ്ക്കാണ് ( 75) വേട്ടേറ്റത്. സംഭവത്തിൽ തങ്കമണി പഴയചിറയിൽ
ജോസ്. പി . ജോർജിനെ (മോനിച്ചാൽ 55) ഉപ്പുതറ സി.ഐ. ജോയി മാത്യൂ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 9.30 നാണ് സംഭവം. ലില്ലിക്കുട്ടിയുടെ മകൾ ബിൻസിയാണ് (51) തങ്കമണി സ്വദേശിയായ മോനിച്ചൻ്റെ ഭാര്യ. ഇവർക്ക് മൂന്നു മക്കളുണ്ട്. മകളുടെയും, മകൻ്റെ ഭാര്യയുടെയും 23 പവൻ സ്വർണം ബിൻസി പണയം വച്ചു. എന്നാൽ പണം എന്തു ചെയ്തു എന്ന വിവരം ഭർത്താവിനോടും വീട്ടിലുള്ള മറ്റുഉള്ളവരോടും പറഞ്ഞില്ല. സ്വർണം കാണാനില്ലന്നു കാട്ടി മകൻ തങ്കമണി പോലീസിൽ പരാതി നൽകി. പോലീസ് ചോദിച്ചിട്ടും സ്വർണം പണയം വച്ചതു സംബന്ധിച്ച് ബിൻസി വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ മോനിച്ചനുമായി വഴക്കിട്ട് ബിൻ സി കഴിഞ്ഞ 21 ന് കന്നിക്കല്ലിൽ അമ്മയുടെ അടുത്തേയ്ക്ക് പോന്നു. പോലീസ് വിളിപ്പിച്ചിട്ടും ബിൻസി സ്റ്റേഷനിൽ ചെന്നില്ല. ഇത് മോനിച്ചൻ്റെ സംശയം വർധിപ്പിച്ചു. തുടർന്ന് ശനിയാഴ്ച വൈകിട്ട് എട്ടരയോടെ മോനിച്ചൻ കന്നിക്കല്ലിലെത്തി. ഈ സമയം ബിൻസി വീട്ടിലുണ്ടായിരുന്നില്ല. ഇക്കാര്യം ചോദ്യം ചെയ്ത് ലില്ലിക്കുട്ടിയും മോനിച്ചനും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് കയ്യിൽ കരുതിയിരുന്ന വാക്കത്തി
കൊണ്ട് ലില്ലിക്കുട്ടിയെ വെട്ടിപ്പരിക്കേൽപിച്ചു. തുടർന്ന് ലില്ലിക്കുട്ടിയെ വെട്ടിയ വിവരം
തങ്കമണി സി. ഐ. യെ ഫോൺ വിളിച്ചറിയിച്ചു. തങ്കമണി പോലീസ് അറിയിച്ചതനുസരിച്ച് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മോനിച്ചനെ അറസ്റ്റു
ചെയ്തു.തലയ്ക്കും കഴുത്തിനും മൂക്കിനും സാരമായി പരിക്കേറ്റ ലില്ലിക്കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.



