തൊടുപുഴ: ഇടുക്കിയില്‍ ഏലത്തോട്ടങ്ങളിലടക്കം അനധികൃത കുഴല്‍ കിണറുകറുടെ നിര്‍മ്മാണം വ്യാപകം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജില്ലയില്‍ കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്. വേനല്‍ക്കാലം എത്തിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതിന് തമിഴ്‌നാട്ടില്‍ നിന്നുള്ളവരടക്കം എത്തി തമ്പടിച്ചിരിക്കുകയാണ്. ലൈസന്‍സ് ഉള്ളവരെ മറികടന്ന് നടക്കുന്ന കുഴല്‍ കിണര്‍ നിര്‍മാണത്തിന് പിന്നില്‍ വലിയ ലോബികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരിടത്ത് തന്നെ ഒന്നിലേറെ
ഒരു എസ്റ്റേറ്റില്‍ തന്നെ മൂന്നും നാലും കുഴല്‍ കിണറുകളാണ് നിര്‍മിക്കുന്നത്. 1000 മുതല്‍ 1500 അടിവരെ ആഴത്തിലാണ് കുഴല്‍ കിണറുകള്‍ കുഴിക്കുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കുഴല്‍ കിണറുകളിലെ വെള്ളം എത്തിക്കുകയും ചെയ്യുന്നുണ്ട്. രാത്രികാലങ്ങളില്‍ പോലും ഇവിടങ്ങളില്‍ ജല ചൂഷണം നടക്കുന്നതായാണ് വിവരം. വലിയ എസ്റ്റേറ്റുകളായതിനാല്‍ അധികൃതര്‍ക്ക് ഇവിടേക്ക് എത്തിപ്പെടുക അസാധ്യമാണ്. അതുകൊണ്ട് പരിശോധനകളും ഉണ്ടാകുന്നില്ല. പലയിടങ്ങളിലും ഭൂഗര്‍ഭ ജല നിരപ്പ് പോലും താഴുന്ന വിധത്തിലാണ് ഭൂമി തുരക്കുന്നത്. ജില്ലാ ഭരണ കൂടത്തിന്റെ അനുമതിയോടെ കുഴിച്ചതിന്റെ ഇരട്ടിയിലധികം കുഴല്‍ കിണറുകളാണ് വിവിധ മേഖലകളില്‍ സ്വകാര്യ വ്യക്തികള്‍ കുഴിച്ചത്. ഇതിന്റെ കണക്കുകള്‍ പോലും അധികൃതരുടെ കൈവശമില്ല. തമിഴ്‌നാട്ടില്‍ നിന്ന് കുത്തക കിണര്‍ നിര്‍മാതാക്കള്‍ എല്ലാ വര്‍ഷവും എത്തി ഹൈറേഞ്ച് മേഖലകളില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിനായി തമ്പടിക്കുകയാണ് ചെയ്യുന്നത്. വേനലിനു മുമ്പേ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് ജനങ്ങള്‍ കുഴല്‍ കിണറുകളെ ആശ്രയിക്കുന്നത്. ചിലയിടങ്ങളില്‍ വ്യക്തികള്‍ സ്വന്തം നിലയില്‍ ചെയ്യുമ്പോള്‍ മറ്റിടങ്ങളില്‍ ഒന്നിലധികം കുടുംബങ്ങള്‍ സംയുക്തമായാണ് കിണര്‍ നിര്‍മിക്കുന്നത്.
നിലവിലെ കുടിവെള്ള ലഭ്യതയും ഇല്ലാതാക്കും
വേനലിന്റെ ആരംഭത്തില്‍ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന സൂചന ലഭിച്ചതോടെ പലരും മുന്‍കരുതലെന്ന നിലയില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നത്. നിയമപ്രകാരം ഉള്ളതിനെക്കാര്‍ കൂടുതല്‍ കിണറുകളാണ് പലയിടത്തും കുഴിക്കുന്നത്. വ്യാപകമായി കുഴല്‍ കിണര്‍ നിര്‍മാണം നടത്തുന്നത് തുടര്‍ന്നാല്‍ പ്രദേശത്ത് നിലവില്‍ ലഭിക്കുന്ന കുടിവെള്ളവും ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കുഴല്‍ കിണര്‍ നിര്‍മാണത്തിന് പഞ്ചായത്തിന്റെ അനുമതി വേണമെന്നാണ് നിയമം. ഭൂജല വകുപ്പാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് രാത്രി കാലങ്ങളിലുള്‍പ്പെടെയുള്ള നിര്‍മാണം നിര്‍ബാദം തുടരുന്നത്.
നിര്‍മ്മാണം ജലലഭ്യത കുറഞ്ഞയിടങ്ങളിലും
ജലലഭ്യതയില്‍ സെമി ക്രിട്ടിക്കല്‍ വിഭാഗത്തില്‍പ്പെടുന്ന നെടുങ്കണ്ടം ബ്ലോക്കിലടക്കം കുഴല്‍ കിണറുകള്‍ ഏറെയാണ്. തൊടുപുഴ ബ്ലോക്കിലെ മണക്കാട്, ഇളംദേശത്തെ ഉടുമ്പന്നൂര്‍, ദേവികുളത്തെ ശാന്തമ്പാറ, അഴുതയിലെ കുമളി എന്നീ പഞ്ചായത്തുകളും സെമി ക്രിട്ടിക്കല്‍ വിഭാഗത്തിലുള്ളതാണ്. ഹൈറേഞ്ചിലെ ജലസ്രോതസ്സുകള്‍ അതിവേഗമാണ് വറ്റിവരളുന്നത്. കിണറുകളുടെ അവസ്ഥയും ഭിന്നമല്ല. ദിനംപ്രതിയെന്നോണം ചുടിന് കാഠിന്യം കൂടുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ കുടിവെള്ള ക്ഷാമം ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതമായി മാറും. കാര്‍ഷിക മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുന്നുണ്ട്. കുരുമുളക്, ഏലം തുടങ്ങിയ നാണ്യവിളകള്‍ക്കാണ് പെട്ടന്നുണ്ടായ കാലാവസ്ഥാമാറ്റം കൂടുതല്‍ ദോഷം ചെയ്യുന്നത്. ഇതിന് പുറമേ മറ്റ് കൃഷികളും കാലിവളര്‍ത്തലും പ്രതിസന്ധിയിലാണ്.


