കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്.  കടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 305 റണ്‍സ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 44.3 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 119 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ശുഭ്മാന്‍ ഗില്‍ (60), ശ്രേയസ് അയ്യര്‍ (44), അക്‌സര്‍ പട്ടേല്‍ (41) മികച്ച പ്രകടനം പുറത്തെടുത്തു.

ഗംഭീര തുടക്കമാണ് രോഹിത് – ഗില്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് ചേര്‍ത്തു. 17-ാം ഓവറിലാണ് ഇംഗ്ലണ്ടിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ജാമി ഓവലര്‍ടണിന്റെ പന്തില്‍ ഗില്‍, ബൗള്‍ഡാവുകയായിരുന്നു. 52 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഒമ്പത് ഫോറും നേടി. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലി നിരാശപ്പെടുത്തി. ആദില്‍ റഷീദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 

LEAVE A REPLY

Please enter your comment!
Please enter your name here