തൊടുപുഴ: രാജ്യത്ത് ബിജെപി വിരുദ്ധ രാഷ്‍ട്രീയം കൈകാര്യം ചെയ്യാൻ കോൺഗ്രസിനാകുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ സീതാറാം യച്ചൂരി നഗറിൽ (ലിസ് ഗ്രൗണ്ട്) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി നേതൃത്വം നൽകി ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോൾ കോൺഗ്രസിന് വിശാല കാഴ്‍ചപ്പാടില്ലായിരുന്നു. രണ്ട് ശതമാനം വോട്ടുകൂടി മുന്നണിക്ക് കിട്ടിയിരുന്നെങ്കിൽ രാജ്യത്തിന്റെ മുഖം മാറിയേനെ. എങ്കിലും ബിജെപിക്ക് കേവലഭൂരിപക്ഷം ഇല്ലാതാക്കാൻ മുന്നണിക്ക് സാധിച്ചു. ബിജെപി വിരുദ്ധസഖ്യം വിഭജിക്കപ്പെട്ടാൽ അതിന്റെ പ്രയോജനം ബിജെപിക്ക് തന്നെയാണ്. ഇത് മനസിലാക്കാൻ കോൺഗ്രസിനാകുന്നില്ല.
മതരാഷ്‍ട്രമാക്കി മാറ്റാനുള്ള ഭരണവർഗത്തിന്റെ നിലപാടുകളാണ് രാജ്യം അഭിമുഖീകരിക്കുന്ന മൗലിക പ്രശ്‍നം. മനുസ്‍മൃതിയെ അടിസ്ഥാനപ്പെടുത്തിയാണിത്. ബ്രാഹ്‍മണ്യ രൂപത്തെയാണ് സനാതനധർമം എന്ന് പ്രചരിപ്പിക്കുന്നത്. അതിനെ വിമർശിക്കുമ്പോൾ സവർണർക്ക് വലിയ കലിയാണ്. ജനാധിപത്യവൽക്കരിക്കപ്പെടാത്ത ഒരു സമൂഹമാണ് രാജ്യത്തുള്ളത്. അതുകൊണ്ടാണ് ജന്മിത്വത്തിനെതിരായ സമരം ഈ കാലഘട്ടത്തിലും സംഘടിപ്പിക്കേണ്ടിവരുന്നത്. കേരളം ഇതിൽനിന്ന് വ്യത്യസ്‍തമാണ്.
ഇന്ത്യൻ മുതലാളിമാരെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഉയർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. സാമ്പത്തികഘടന സ്വകാര്യവൽക്കരിക്കുകയാണ്. അവസാന ബജറ്റിലും ഇതുതന്നെയാണ് കാണുന്നത്. കേരളമെന്ന വാക്കുപോലും ബജറ്റിലില്ല. ഫെഡറലിസത്തിന്റെ നഗ്നമായ ലംഘനമാണിത്. സംസ്ഥാനത്തിന്റെ സമ്പത്‍വ്യവസ്ഥയെ തകർക്കാനാണ് നീക്കം. കേരളം ദരിദ്രമാണെന്ന് സമ്മതിച്ചാൽ സഹായം കിട്ടുമെന്ന നിലപാടാണ് ജോർജ് കുര്യനിലൂടെ ബിജെപി പുറത്തുവിട്ടത്. സുരേഷ് ഗോപിയുടെ പരാമർശവും മനുസ്‍മൃതിയുടെ രാഷ്‍ട്രീയമാണ്. ഇവയ്‍ക്കെല്ലാമെതിരായി ദേശീയ രാഷ്‍ട്രീയത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സ്വാധീനവും ഐക്യവും വർധിപ്പിക്കണം.

അതിദരിദ്രരില്ലാതാവും
2025 കേരളപ്പിറവി ദിനത്തിൽ അതിദരിദ്രരില്ലാത്ത രാജ്യത്തെ ഒരേയൊരു സംസ്ഥാനമായി കേരളം മാറും. പതിറ്റാണ്ടുകൾ കഴിഞ്ഞും മറ്റൊരു സംസ്ഥാനത്തിനും  ഈ നിലയിലേക്കെത്താനാകില്ല. ഇതാണ് കേരള മോഡൽ. പാവപ്പെട്ട മനുഷ്യന് മുതലാളിത്ത സമൂഹത്തിൽ കേറിക്കിടക്കാൻ ഇടമുണ്ടെന്ന് പ്രഖ്യാപിക്കാൻ കഴിയുന്ന സംസ്ഥാനം കേരളമായിരിക്കും. ഇവിടെ രൂപപ്പെട്ടിട്ടുള്ള വ്യാവസായിക അന്തരീക്ഷത്തിലൂടെ തൊഴിലില്ലായ്‍മ പരിഹരിക്കാനാകും.  അഭ്യസ്ഥവിദ്യരേറെയുള്ള കേരളത്തിൽ ക-ൃത്യമായ നൈപുണ്യ പരിശീലനത്തിലൂടെ ഇവർക്ക് തൊഴിൽ നൽകാൻ സാധിക്കും. വിജ്ഞാന സമൂഹത്തെ വിജ്ഞാന സമ്പദ്‍വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യം. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുകയാണ് നവകേരള പദ്ധതിയെന്നുകൊണ്ട് ഉദ്ദേശിക്കുന്നത്.
അടുത്ത മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ തന്നെ മൂന്നോനാലോ പേരുണ്ട്. അതിനൊപ്പമാണ് ഇപ്പോൾ ലീഗും അവകാശമുന്നയിച്ചത്. എന്നാൽ നൂറിലേറെ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ തുടർച്ചയായ മൂന്നാം എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തും. ഈ രാഷ്‍ട്രീയമാകും 2026 മെയിൽ കേരളം കൈകാര്യം ചെയ്യുക. അതിന് പ്രാപ്‍തമാകുന്ന ഒരു പാർടി സംവിധാനം വേണം. ആ ചുമതല നിർവഹിക്കാനാകണം. അദ്ദേഹം പറഞ്ഞു.

എഐ സംവിധാനം ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എഐ ഉൽപാദനോപാധികളുടെ ഉടമസ്ഥാവകാശം സ്വകാര്യ മേഖലയിലാണ്. ഉൽപാദിപ്പിക്കുന്ന സമ്പത്ത് മുതലാളിത്ത സമൂഹത്തിൽ കോർപറേറ്റുകളുടെയും കുത്തകകളുടെയും കൈകളിലാണെത്തുക. വലിയ പോരാട്ടങ്ങൾക്ക്, സമരങ്ങൾക്ക്, തൊഴിലില്ലായ്‍മ അടക്കമുള്ള പ്രശ്‍നങ്ങൾക്ക് അത് ആധാരമാകുമെന്നതിൽ സംശമില്ല. പുതിയ ഉൽപാദക വിതരണഘടന രൂപംകൊള്ളാതെ മനുഷ്യസമൂഹത്തിന്റെ വളർച്ചയെ മുന്നോട്ടുനയിക്കാനാകാത്ത സാർവദേശീയ പശ്ചാത്തലമാണ് നമുക്ക് മുന്നിലുള്ളത്. 

LEAVE A REPLY

Please enter your comment!
Please enter your name here