തൊടുപുഴ: ലോകം കണ്ട മുത്തശി വിടവാങ്ങി. കുണിഞ്ഞി പേണ്ടാനത്ത് അന്നക്കുട്ടി സൈമണ്‍ നൂറ്റി മൂന്നാം വയസിലാണ് യാത്രയായത്. 90 പിന്നിട്ട ശേഷവും നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച്, ഒരു അഭിമുഖത്തില്‍ രസകരമായ യാത്രാനുഭവങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ അന്നമ്മച്ചിക്ക് എട്ടുമക്കളും മക്കളുടെ മക്കളുമൊക്കെയായി പത്തെണ്‍പതുപേരുണ്ട് കുടുംബാംഗങ്ങളായി. നാലു പ്രാവശ്യം റോമിനു പോയി. ജര്‍മനിയിലും പോയി പലതവണ. ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ പോയിട്ടുണ്ട്. നാലാം €ാസുവരെയേ പഠിച്ചിട്ടുള്ളുവെങ്കിലും വിദേശത്തു പോകാന്‍ അന്നമ്മച്ചിക്ക് ഭാഷ ഒരു തടസമേ ആയില്ല.
76-ാമത്തെ വയസിലായിരുന്നു ആദ്യ വിദേശയാത്ര. പിന്നീട് നാലു തവണ പോയി. അന്നമ്മച്ചിയുടെ ആദ്യ വിദേശയാത്ര ജര്‍മനി ആയിരുന്നു. മക്കള്‍ വിമാനത്തില്‍ കയറ്റി വിട്ടു. മൂന്നു വിമാനത്തില്‍ മാറി മാറി കയറി ജര്‍മനിയിലെത്തി. അവിടെ മൂന്നു മക്കളോടൊപ്പം മാസങ്ങളോളം താമസിച്ചു. ജര്‍മനിയില്‍ നിന്ന് നേരെ റോമിലേക്ക്. അതും യാത്ര തനിയെ. മക്കള്‍ വിമാനം കയറ്റിവിട്ടു. റോമിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ മകളുണ്ട് സ്വീകരിക്കാന്‍. മാര്‍പാപ്പയെ കാണുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. മകളോടൊപ്പം വത്തിക്കാനില്‍ പാപ്പയെ കാണാന്‍ പോയി. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അതിഥികള്‍ക്ക് ഇരിക്കാനുള്ള രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടു. അമ്മയും മകളും അവിടെ ഇരുന്നു. മാര്‍പാപ്പ വന്നപ്പോള്‍ എഴുന്നേറ്റു കൈകൂപ്പി നിന്നു. പാപ്പ അടുത്ത് വന്നതും അന്നമ്മച്ചി പാപ്പയുടെ കൈ മുത്തി. തലയില്‍ കൈവച്ച് മാര്‍പാപ്പ അന്നമ്മച്ചിയെ അനുഗ്രഹിച്ചു. അത് മറക്കാനാവാത്ത വലിയൊരനുഭവമായിരുന്നു അന്നക്കുട്ടി അമ്മച്ചിക്ക്. വിശുദ്ധനാട്ടിലും പോയി അന്നക്കുട്ടി അമ്മച്ചി. ഗാഗൂല്‍ത്താമല കണ്ടു. യേശുവിന്റെ കുരിശിന്റെ ചുവട്ടില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചു. നാലുപ്രാവശ്യം വിശുദ്ധനാട് സന്ദര്‍ശിച്ചു. മാതാവ് പ്രത്യക്ഷപ്പെട്ട ലൂര്‍ദിലെ മാതാവിന്റെ പള്ളിയിലും പോയി. ഫ്രാന്‍സിലേക്കുള്ള വഴിയില്‍ കൊച്ചുത്രേസ്യ പുണ്യവതിയുടെ വീട്ടിലും കയറി പ്രാര്‍ഥിച്ചു. 95 മത്തെ വയസില്‍ ഒരു സിനിമയിലും അഭിനയിച്ചു അന്നമ്മച്ചി. വിനീത് ശ്രീനിവാസന്‍ നായകനായ എബിയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ അമ്മയായിട്ട്. സിനിമയ്ക്കു മുമ്പ് അന്നക്കുട്ടി അമ്മച്ചി പരസ്യത്തിലും അഭിനയിച്ചിട്ടുണ്ട്. പി.ജെ. ജോസഫ് എം.എല്‍.എ ഇലക്ഷനില്‍ മത്സരിമ്പോഴൊക്കെ അദ്ദേഹത്തിനുവേണ്ടി ഇറക്കിയ പരസ്യബോര്‍ഡുകളില്‍ അന്നക്കുട്ടി അമ്മച്ചിയുടെ ചിരിക്കുന്ന മുഖമായിരുന്നു നാടെങ്ങും. ചില രോഗങ്ങള്‍ക്ക് മരുന്നുകളുമുണ്ടായിരുന്നു അന്നക്കുട്ടി അമ്മച്ചിയുടെ പക്കല്‍. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കുടല്‍മറിച്ചില്‍, വയറ്റിലെ അസുഖം, പനി, ജലദോഷം ഇവയ്‌ക്കെല്ലാം ഒറ്റമൂലിയുണ്ടായിരുന്നു അമ്മച്ചിയുടെ കയ്യില്‍. തലമുറകളായി പകര്‍ന്നു കിട്ടിയ ഔഷധക്കൂട്ടാണ്. ആരോഗ്യമുള്ള കാലത്ത് രാവിലെ ആറിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയില്‍ ആദ്യം എത്തിയിരുന്നത് അന്നക്കുട്ടി അമ്മച്ചിയായിരുന്നു. കുര്‍ബാനയ്ക്കു മുടക്കം വരുത്തില്ല. പള്ളിയില്‍ നിന്നു തിരികെ വന്നു കാപ്പി കുടി കഴിഞ്ഞിട്ട് നേരെ പറമ്പിലേക്ക്. നന്നായി പണിയെടുക്കും. ദീര്‍ഘായുസിന്റെ രഹസ്യം അതാണെന്ന് അന്നമ്മച്ചി പറയുമായിരുന്നു. അങ്ങനെ ആഗ്രഹങ്ങളെല്ലാം സാധിച്ചാണ് അന്നമ്മച്ചി ഈ ഭൂമിയില്‍ നിന്നും മടങ്ങുന്നത്. ഭൗതീകശരീരം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരം 13 ന് ഉച്ചക്ക് രണ്ടിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയില്‍. പരേത പുറപ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യുവിന്റെ പിതൃമാതാവാണ്.




