തൊടുപുഴ: വൈദ്യുതി ചാര്‍ജ് വില വര്‍ധനയ്ക്കെതിരായ പ്രതിഷേധ മാര്‍ച്ചിനിടെ കേരളാ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞ് വീണ് മരിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം ഒളമറ്റം മലേപ്പറമ്പില്‍ എം.കെ ചന്ദ്രന്‍ (58) ആണ് കുഴഞ്ഞു വീണു മരിച്ചത്. തിങ്കള്‍ രാവിലെ 11.30 ഓടെയാണ് സംഭവം. യൂത്ത് ഫ്രണ്ട് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. പാലാ റോഡിലുള്ള മാതാ ഷോപ്പിങ് ആര്‍ക്കേഡിലെ പാര്‍ട്ടി ഓഫിസില്‍ നിന്ന് പ്രകടനമായി വൈദ്യുതി ബോര്‍ഡ് ഓഫീസിന് മുന്നിലെത്തി ധര്‍ണ ആരംഭിച്ചതിനു ശേഷം ചന്ദ്രന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള കോണ്‍ഗ്രസ് ജോസഫ് – മാണി വിഭാഗങ്ങള്‍ ഒന്നായിരുന്ന സമയത്ത് 2019 ല്‍ പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതിനെതിരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് ചേരിയിലും, എം.കെ. ചന്ദ്രനും ചേര്‍ന്ന് തൊടുപുഴ മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. പിന്നീട് കേസ് തെരഞ്ഞെടുപ്പ് കമ്മിഷനും, തുടര്‍ന്ന് ഹൈക്കോടതിയിലും എത്തി. ഇതിന് ശേഷമാണ് പാര്‍ട്ടി വീണ്ടും പിളര്‍ന്നത്. പരേതനായ കുഞ്ഞിന്റെയും ഗൗരിക്കുട്ടിയുടേയും മകനാണ് ചന്ദ്രന്‍. സംസ്‌കാരം ചൊവ്വാഴ്ച 12ന് വീട്ടുവളപ്പില്‍. ഭാര്യ ഷീല ഒളമറ്റം തുരുത്തിക്കാട്ട് കുടുംബാംഗം (കോട്ടയം നാട്ടകം ഗവ. പോളിടെക്‌നിക് കോളേജ് ജീവനക്കാരി). മക്കള്‍: അനില്‍കുമാര്‍ എം.സി, അനിമോന്‍ എം.സി. മരുമകള്‍: ധനലക്ഷ്മി അനില്‍കുമാര്‍. എം.കെ ചന്ദ്രന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ അനുശോചിച്ചു. സൗമ്യമായ പെരുമാറ്റവും ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന ആളായിരുന്നു ചന്ദ്രനെന്ന് പി.ജെ ജോസഫ് അനുസ്മരിച്ചു.


