തൊടുപുഴ: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി കിണറുകളില്‍ അകപ്പെട്ട മൃഗങ്ങള്‍ക്ക് തൊടുപുഴ ഫയര്‍ഫോഴ്‌സ് രക്ഷകരായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10 ന് മണക്കാട് സ്വദേശിയായ താനാട്ട് ജനാര്‍ദ്ദനന്റെ കിണറ്റില്‍ ഒരു നായ വീണതായിരുന്നു ആദ്യത്തെ സംഭവം. മൂന്നുദിവസമായി കിണറില്‍ അകപ്പെട്ട നായയെ രക്ഷപ്പെടുത്താന്‍ വീട്ടുകാരും നാട്ടുകാരും ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ ആണ് ഫയര്‍ഫോഴ്‌സില്‍വിവരം അറിയിച്ചത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് അധികൃത സ്ഥലത്തെത്തി. ചുറ്റുമതില്‍ ഇല്ലാത്ത ഉപയോഗശൂന്യമായ കിണറിന് 18 അടി താഴ്ചയും അതില്‍ വെള്ളം ഇല്ലാത്തതുമായിരുന്നു. ഫയര്‍ ഓഫീസറായ ഷിബിന്‍ ഗോപി റെസ്‌ക്യു നെറ്റില്‍ കിണറില്‍ ഇറങ്ങി നായയെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ ജെയിംസ് പുന്നന്‍, ഫ്രിജിന്‍ എഫ് എസ്, രാജീവ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിക്ക് ആയിരുന്നു രണ്ടാമത്തെ സംഭവം ഉണ്ടായത്. കോടിക്കുളം പഞ്ചായത്ത് നെയ്യശേരിയില്‍ താമസിക്കുന്ന അരഞ്ഞാണിയില്‍ സണ്ണി ജോസഫിന്റെ പശു തൊഴുത്തിനോട് ചേര്‍ന്നുള്ള ചാണകക്കുഴിയില്‍ അകപ്പെട്ടപ്പോഴും ഫയര്‍ഫോഴ്‌സ് രക്ഷകരായി. ചാണകം കോരി മാറ്റിയതിനുശേഷം സമീപത്തെ മണ്ണ് അല്പം ഇടിച്ച് പശുവിനെ റെസ്‌ക്യു ബെല്‍റ്റ് ഉപയോഗിച്ച് വലിച്ചു കരയ്ക്ക് എത്തിക്കുകയായിരുന്നു. പശുവിന് പരിക്കുകള്‍ ഒന്നും പറ്റിയിരുന്നില്ല. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ എ ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ അനൂപ് പി എന്‍, ബിനോദ് എം കെ, ഷിബിന്‍ ഗോപി, അഖില്‍ എസ്, ഫ്രിജിന്‍ എഫ് എസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ആയിരുന്നു മൂന്നാമത്തെ സംഭവം. കരിങ്കുന്നം പഞ്ചായത്തിലെ പൊന്നന്താനം എന്ന സ്ഥലത്ത് വടക്കഞ്ചേരിയില്‍ മത്തായി എന്നയാളുടെ കിണറ്റില്‍ സമീപവാസിയായ പാമ്പനാല്‍ രതീഷ് രവിയുടെ ഗര്‍ഭിണിപ്പശു അകപ്പെടുകയായിരുന്നു. 25 അടി താഴ്ചയുള്ള കിണറ്റില്‍ 10 അടിയോളം വെള്ളവും ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിലെ സേനാംഗങ്ങളായ ഷിബിന്‍ ഗോപി, ബിനോദ് എം കെ എന്നിവര്‍ കിണറ്റില്‍ ഇറങ്ങി റെസ്‌ക്യു ബെല്‍റ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് പശുവിനെ ആദ്യം സുരക്ഷിതമായി ബന്ധിച്ചു. അതിനുശേഷം മറ്റ് സേനാംഗങ്ങളുടെയും, നാട്ടുകാരുടെയും സഹായത്തോടെ പശുവിനെ വലിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. വീഴ്ചയില്‍ പശുവിന് ചെറിയ പരിക്കുകള്‍ ഏറ്റിരുന്നു. കിണറിന്റെ വശത്ത് നിറയെ ചെളി ഉണ്ടായിരുന്നതിനാലും, പശുവിന്റെ വലിപ്പക്കൂടുതലും കാരണം ഏകദേശം ഒന്നേകാല്‍ മണിക്കൂര്‍ സമയമെടുത്താണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഗ്രേഡ് അസിസ്റ്റന്റ സ്റ്റേഷന്‍ ഓഫീസര്‍ കെ എ ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തില്‍ ഫ്രിജിന്‍ എഫ് എസ്,അനൂപ് പി എന്‍, മാത്യു ജോസഫ്, രാജീവ് ആര്‍ നായര്‍ എന്നിവരും ഉണ്ടായിരുന്നു.
Home District News Idukki കിണറ്റില്‍ അകപ്പെട്ട നായയെയും രണ്ടു പശുക്കളെയും തൊടുപുഴ ഫയര്‍ഫോഴ്സ് രക്ഷിച്ചു



