തൊടുപുഴ: കാലവർഷത്തെ തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മേൽപ്പറഞ്ഞ പ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നത്.
നിലവിൽ മഴയുടെ ശക്തി കുറഞ്ഞതും കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം വന്ന് അലർട്ട് ഗ്രീൻ ആയതും പരിഗണിച്ചാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഇതോടെ മേൽപ്പറഞ്ഞ വില്ലേജുകളിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാം.



