–കാറിനു പിന്നില്‍ ലോറിയിടിച്ച് ഇരുവാഹനങ്ങളും 40 അടി അടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.

തൊടുപുഴ: തൊടുപുഴ- പാലാ റോഡിലെ നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ ഓട്ടത്തിനിടെ കാറിനു പിന്നില്‍ ലോറിയിടിച്ച് ഇരുവാഹനങ്ങളും 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കാറില്‍ സഞ്ചരിച്ചിരുന്ന എം.ജി യൂണിവഴ്സിറ്റി ഡപ്യൂട്ടി രജിസ്ട്രാര്‍മാരായ കോലാനി ഇലവുംതടത്തില്‍ ഇ.കെ. സജീവ് (54), അമയപ്ര തുരുത്തിപ്പള്ളില്‍ ജിന്‍സണ്‍ (53), യൂണിവേഴ്സിറ്റി ജീവനക്കാരായ ഏഴല്ലൂര്‍ സ്വദേശിനി സിമി(32), ചിത്തിരപുരം സ്വദേശിനി ബിഞ്ചുമോള്‍ തോമസ് (29), ലോറി ഡ്രൈവര്‍ തമിഴ് നാട് സ്വദേശി ജയകുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.
പാലാ ഭാഗത്തു നിന്ന് വന്ന ലോറി സ്ഥിരം അപകട മേഖലയായ കുരിശുപള്ളി വളവില്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് മുന്‍പില്‍ പോകുകയായിരുന്ന കാറിലിടിച്ച് രണ്ടു വാഹനങ്ങളും 35 അടിയോളം താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇന്നലെ വൈകിട്ട് 6.15നായിരുന്നു അപകടം. എം.ജി യൂണിവഴ്സിറ്റി ജീവനക്കാര്‍ ജോലികഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ തമിഴ്നാട് സ്വദേശിയാണ്. അപകടത്തെ തുടര്‍ന്ന് കാറും ലോറിയും പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഞ്ചുമോള്‍ ഗര്‍ഭിണിയാണ്. ഇവരെ സാരമായ പരുക്കുകളോടെ തൊടുപുഴയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇലക്ഷന്‍ അനുബന്ധ പരിശോധനകള്‍ക്കായി നെല്ലാപ്പാറയില്‍ സ്പെഷല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘമാണ് അപകട സ്ഥലത്ത് ആദ്യമെത്തിയത്. തൊട്ടു പിന്നാലെ കരിങ്കുന്നം പോലീസും അഗ്നിരക്ഷാ സേനയും എത്തി.

നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കു ചേര്‍ന്നു. നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ അപകടം തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ നവംബറില്‍ ഇതേ സ്ഥലത്ത് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. അന്ന് തകര്‍ന്ന ക്രാഷ് ബാരിയര്‍ പിന്നീട് നന്നാക്കിയില്ല. സ്ഥലത്ത് സുരക്ഷയൊരുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ കാറും ലോറിയും താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം.




