
തോക്കുപാറ: പാമ്പുശല്യത്തിന്റെ പേടിയിൽ അംഗൻവാടി കുട്ടികളും രക്ഷിതാക്കളും. പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തോക്കുപാറയിൽ പ്രവർത്തിക്കുന്ന 47ാം നമ്പർ അംഗൻവാടി പരിസരത്താണ് പാമ്പ് ശല്യം രൂക്ഷമായത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഇവിടെ അംഗനവാടി പ്രവർത്തിക്കുന്നത്. 18 കുട്ടികൾ പഠിക്കുന്ന ഇവിടുത്തെ അധ്യാപികയ്ക്ക് ബി.എൽ.ഒയുടെ ചുമതലയുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. ഇത് മൂലം ഒരു ജീവനക്കാരി മാത്രമാണ് മിക്കവാറും ദിവസങ്ങളിൽ ഇവിടെ ഉണ്ടാവുക. സമീപത്തെ തോട്ടിൽ നിന്നും കാടുമുടിയ പ്രദേശത്തു നിന്നും പാമ്പുകളും മറ്റ് ഇഴജന്തുക്കളും ഇവിടെ എത്തുന്നത് പതിവാണ്. പാമ്പ്ശല്യം രൂക്ഷമായതോടെ വനംവകുപ്പ് അധികൃതരെ അറിയിച്ചു. മതിൽ പൊളിച്ചു മാറ്റണമെന്നാണ് ആദ്യഘട്ടത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് രക്ഷിതാക്കൾ പറയുന്നു.

പാമ്പിനെ പിടിക്കാൻ മതിൽ പൊളിച്ചാൽ പുതുക്കി പണിയുന്നതിന് ഫണ്ട് ഇല്ലെന്നും പഞ്ചായത്ത് അധികൃതരും പറഞ്ഞുവത്രേ. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കുട്ടികൾക്ക് പുറത്തിറങ്ങാൻ ഭയമാണ്. ഒരേസമയം രണ്ടു പാമ്പുകൾ ഇണകൂടുന്ന നിലയിൽ കണ്ടെത്തിയിരുന്നു. പാമ്പുകളെ കണ്ടെത്തിയതോടെ കുട്ടികൾ ഭീതിയിലായി. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും പാമ്പിനെ പിടികൂടാൻ ആയില്ല. വലവിരിച്ച ഉദ്യോഗസ്ഥർ തിരികെ പോയതിനു ശേഷം പാമ്പുകൾ വീണ്ടും അംഗൻവാടി പരിസരത്ത് എത്തി. ഇതേ കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ഹെൽത്ത് സെൻ്ററും സമീപത്തായി മൃഗാശുപത്രിയും പ്രവർത്തിക്കുന്നത്. കുരുന്നുകൾ പഠിക്കുന്ന അംഗൻവാടിയിൽ പാമ്പിന്റെ ശല്യം രൂക്ഷമായതോടെ പരാതി അറിയിച്ച് ദിവസങ്ങൾ കഴിഞ്ഞ ശേഷവും ഫലപ്രദമായി നടപടിയില്ലെന്ന പരാതിയുമായാണ് രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുള്ളത്.
ഈ മാസം ആറാം തീയതി പഞ്ചായത്ത് മെമ്പറെ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും രക്ഷിതാക്കൾ പറയുന്നു.



