കുടയത്തൂർ: തൊടുപുഴ – മൂലമറ്റം റോഡിൽ കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക്  സമീപമുള്ള റോഡ് അരികിലെ കുഴിയിലേക്ക് വാഹനങ്ങൾ വീഴാതിരിക്കാൻ പൊതുമരാമത്ത് വകുപ്പിൻ്റെ വകയായി “കനത്ത ” സുരക്ഷ ഒരുക്കിയിരിക്കുന്നു.കഴിഞ്ഞ ദിവസം മുതലക്കോടത്തിന് സമീപം മാവിൻചുവട്ടിൽ റോഡരികിലെ കുഴിയിൽ വീണ് യുവാവ്  മരിച്ച സംഭവം വലിയ  വിവാദമായി മാറിയിരുന്നു. മാവിൻ ചുവടിന് സമീപമുള്ള കുഴിയുടേതിന് സമാനമായ കുഴിയാണ് റോഡിനോട് വളരെ ചേർന്ന് കുടയത്തൂർ മുസ്ലിം പള്ളി കവലയ്ക്ക് സമീപമുള്ളത്. 

സംസ്ഥാന പാതയോരത്തിനരികെ പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്നുള്ള കുഴിയുടെ അരികെ കാലിയായ ടാർ വീപ്പ ഉപയോഗിച്ച്  “കനത്ത സുരക്ഷ” ഒരുക്കിയിട്ടുള്ളത്. ടാർ വീപ്പ വെച്ചിരിക്കുന്നത് റോഡിലേക്ക് കയറ്റിയാണ്. കറുത്ത നിറത്തിലുള്ള ടാർ വീപ്പ രാത്രിയിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല. ടാർ വീപ്പ വെച്ചപ്പോൾ അതിൽ ഒരു റിഫ്ളക്ടർ സ്റ്റിക്കർ പതിപ്പിക്കാനുള്ള സാമാന്യ മര്യാദ പോലും അധികൃതർ കാണിച്ചില്ല. മുതലക്കോടം മാവിൻ ചുവടിന് സമീപം റോഡരികിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനുണ്ടായ സംഭവം വ്യാപകമായ പ്രതിഷേധത്തിന് കാരണമായതിനെ തുടർന്നാണ് റോഡിരികിലെ കുഴികൾക്ക് സമീപം ടാർ വീപ്പ ഉപയോഗിച്ച് ” കനത്ത സുരക്ഷ” നൽകാനുള്ള അടിയന്തര തീരുമാനം ഉണ്ടായത് എന്നാണ് വിവരം. മൂലമറ്റം റോഡിൽ പെരുമറ്റം മുതൽ റോഡിൻ്റെ ഒരു വശം കിടങ്ങായി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. റോഡിൻ്റെ വീതി കുറവ് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. അതിനിടെയാണ് പലയിടത്തും റോഡിൻ്റെ വശം ഇടിഞ്ഞ് വലിയ കുഴികൾ ഉണ്ടായിരിക്കുന്നത്.

തിരക്കേറിയ റോഡുകൾ പോലും വേണ്ട വിധം പരിപാലിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കഴിയാറില്ല. അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം താത്കാലികമായി ഉണർന്ന് പ്രവർത്തിക്കുന്ന വകുപ്പായി മാറിയിട്ടുണ്ട് പൊതുമരാമത്ത് വകുപ്പ്. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉടനെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്ന പരിപാടിയാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന ആക്ഷേപം ശക്തമാണ്.

അപകട മേഖലയിൽ വേണ്ട വിധം മുന്നറിയിപ്പ് ബോർഡ് പോലും വെയ്ക്കാൻ അധികൃതർക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത. വർഷങ്ങളായിട്ട് ഉള്ള അപകടക്കുഴിയാണെങ്കിൽ കൂടി അത് വേണ്ട വിധം അപകട സാധ്യത കുറയ്ക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്രതിഷേധങ്ങൾ ഉയരുമ്പോൾ പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള ചെപ്പടി വിദ്യയാണ് സർക്കാർ വകുപ്പുകൾ സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here