
അടിമാലി: തെളിവില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാന്‍ എസ്.ഐ.ടി തയാറാകണം; മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞത് വിചിത്രമായ മറുപടി; സ്പാര്‍ക്കില്‍ നിന്നും ജീവനക്കാരുടെ വിവരങ്ങള്‍ മോഷ്ടിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗത്തിനെതിരെ കേസെടുക്കണം; ഇടുക്കിയിലെ റവന്യൂ ഭൂമി അനധികൃതമായി ഫോറസ്റ്റ് ഭൂമിയാക്കിയത് യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കും; ഭൂ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും. പുതുയുഗ യാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്.ഐ.ടിയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരന്തര സമരത്തിന്റെ ഭാഗമായി പ്രതിപക്ഷം ഇന്നും നിയമസഭ ബഹിഷ്‌ക്കരിച്ചു. മന്ത്രിമാര്‍ വിചിത്രമായ മറുപടിയാണ് നിയമസഭയില്‍ നല്‍കിയത്. തന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നാണ് വ്യവസായ- തദ്ദേശ വകുപ്പ് മന്ത്രിമാര്‍ ആരോപണം ഉന്നയിച്ചത്. തന്ത്രിക്ക് പ്രത്യേക പരിരക്ഷയില്ലെന്നാണ് തദ്ദേശ മന്ത്രി പറഞ്ഞത്. കോടതിയെയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്ന ആക്ഷേപവും മന്ത്രിമാര്‍ ഉന്നയിച്ചു. കോടതിയെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. ശബരിമല തന്ത്രിക്കെതിരെ കേസെടുക്കാന്‍ തെളിവന്റെ കണിക പോലും ഇല്ലെന്നു പറഞ്ഞാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതിയെ ഇന്നലെ വിമര്‍ശിച്ചത് നിയമമന്ത്രിയാണ്. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹം എന്ത് കുറ്റകൃത്യമാണ് ചെയ്‌തെന്നും കുറ്റകൃത്യത്തില്‍ എന്ത് പങ്കാളിത്തമാണുള്ളതെന്നും എസ്.ഐ.ടി വ്യക്തമാക്കണമെന്ന് തന്ത്രിയെ അറസ്റ്റു ചെയ്തതിന്റെ തൊട്ടടുത്ത ദിവസം ജനുവരി 11-ന് തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. മുന്‍ മന്ത്രിയെയോ ഇപ്പോഴത്തെ മന്ത്രിയെയോ അറസ്റ്റു ചെയ്താലും കാരണം എന്താണെന്ന് പൊതുജനത്തോട് പറയാനുള്ള ബാധ്യത അന്വേഷണസംഘത്തിനുണ്ടെന്നും പ്രതിപക്ഷം പറഞ്ഞിരുന്നതാണ്. 40 ദിവസം ജയിലില്‍ കിടന്നതിനു ശേഷമാണ് തെളിവിന്റെ കണിക പോലും ഇല്ലെന്ന് കോടതി പറഞ്ഞത്. തെളിവില്ലാതെ തന്ത്രിയെ അറസ്റ്റു ചെയ്തത് എന്തിനാണെന്ന് പറയണം. തന്ത്രി അറസ്റ്റിലായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രെഡിറ്റാണെന്നാണ് സി.പി.എം അവകാശപ്പെട്ടത്. തന്ത്രിയെ വരെ ജയിലിലാക്കിയ ആളാണ് പിണറായി എന്നാണ് സി.പി.എം ബൈബര്‍ ഹാന്‍ഡിലുകള്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ അതൊന്നും കാണുന്നില്ല. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയാനുള്ള ബാധ്യത എസ്.ഐ.ടിക്കുണ്ട്. ഇപ്പോഴത്തെ മന്ത്രിക്കും നേരത്തെയുണ്ടായിരുന്ന മന്ത്രിക്കും എതിരെ ആരോപണം ഉയരുകയും മൂന്ന് നേതാക്കള്‍ ജയിലില്‍ കിടക്കുകയും സി.പി.എം പ്രതിക്കൂട്ടിലാകുകയും ചെയ്തപ്പോഴാണ് തന്ത്രിയിലേക്ക് അന്വേഷണം പോയത്. അന്നു തന്നെ പ്രതിപക്ഷം സംശയം ഉന്നയിച്ചതാണ്. അതേ സംശയം പ്രതിപക്ഷം ഇപ്പോഴും ഉന്നയിക്കുന്നു. എന്തു കാരണത്താലും തെളിവിന്റെ അടിസ്ഥാനത്തിലുമാണ് തന്ത്രിയെ അറസ്റ്റു ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം. തന്ത്രിക്ക് പ്രത്യേക പരിരക്ഷയൊന്നും വേണ്ട. സാധാരണ പൗരനുള്ള പരിരക്ഷപോലും അദ്ദേഹത്തിന് കിട്ടിയിട്ടില്ലെന്ന തരത്തിലാണ് കോടതി വിധി പുറത്തുവന്നിരിക്കുന്നത്. തന്ത്രിയെ അറസ്റ്റു ചെയ്തതിന് കുറിച്ച് ബി.ജെ.പി ഇപ്പോഴാണ് പറയുന്നത്. അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ യു.ഡി.എഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി വിധിക്കെതിരെയാണ് മന്ത്രിമാര്‍ നിയമസഭയില്‍ പറഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഔദ്യോഗിക സംവിധാനങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഏറ്റവും അവസാനമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന സ്പാര്‍ക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ മോഷ്ടിച്ചു. ഡാറ്റ മോഷണത്തിനെതിരെ ഹൈക്കോടതി വിധികളും നിയമങ്ങളുമുണ്ട്. ഒരാളുടെയും വ്യക്തിഗത വിവരങ്ങള്‍ അയാളുടെ അനുവാദം ഇല്ലാതെ പുറത്ത് നല്‍കാന്‍ പാടില്ല. സ്പാര്‍ക്കില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യല്‍ മീഡിയ വിഭാഗം എങ്ങനെയാണ് ഡാറ്റ മോഷ്ടിച്ചത്. അവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. അതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കും. നേരത്തെ സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് നവകേരള സര്‍വെ നടത്താന്‍ ശ്രമിച്ചു. പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കിയ ശേഷമാണ് പണം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നാട്ടുകാരുടെ നികുതിപ്പണം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കി നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. നികുതിപ്പണം നല്‍കിയുള്ള പ്രചരണത്തിനു വേണ്ടി ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ട്രൈബല്‍ കോളനികളില്‍ പോയി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് കാമ്പയിന്‍ നടത്തുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണം പി.ആര്‍.ഡി ഉള്‍പ്പെടെയുള്ള വകുപ്പുകളെ ഉപയോഗിച്ച് നടത്തുന്നതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കും.
പുതുയുഗ യാത്രയുടെ ഭാഗമായുള്ള ‘സംവദിക്കാം പുതുയുഗത്തിനായ്’ എന്ന സംവാദ പരിപാടിയില്‍ ഭൂ പ്രശ്‌നം ഉള്‍പ്പെടെ ഇടുക്കി ജില്ല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും കോടതികളിലെ വ്യത്യസ്ത നിലപാടുകളും കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ഈ ജില്ലയില്‍ പ്രയാസപ്പെടുന്നത്. ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ ശാശ്വതമായി പരിഹരിക്കും. ജില്ലയെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇടുക്കി ഡോക്യുമെന്റ് തയാറാക്കി സമയബന്ധിതമായ ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. ജില്ലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് യു.ഡി.എഫ് പരിഹാരം ഉണ്ടാക്കും. നേര്യമംഗലം റോഡുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ രണ്ട് വകുപ്പുകള്‍ വ്യത്യസ്ത നിലപാടെടുത്ത് വൈകിപ്പിക്കുകയാണ്. ഒരു റോഡ് പണിത് പണം നല്‍കി സെലിബ്രിറ്റിയെ കൊണ്ട് വന്ന് റോഡ് നല്ലതാണെന്ന് പറയിപ്പിച്ചിട്ട് കാര്യമില്ല. റവന്യൂ ഭൂമി അനധികൃതമായി ഫോറസ്റ്റ് ഭൂമിയാക്കി മാറ്റിയ ഭൂമി ഡീ നോട്ടിഫൈ ചെയ്യും. വി.എസിന്റെ കാലത്തും പിണറായിയുടെ പത്തു വര്‍ഷക്കാലവും 54000 ഏക്കര്‍ നോട്ടിഫൈ ചെയ്തിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും റവന്യൂ ഭൂമിയാണ്. തെറ്റായി നോട്ടിഫൈ ചെയ്തത് യു.ഡി.എഫ് സര്‍ക്കാര്‍ ഡീ നോട്ടിഫൈ ചെയ്യും.
പട്ടയം നല്‍കിയ ഭൂമയിലെ കെട്ടിടങ്ങള്‍ ഫീസ് ഈടാക്കി റെഗുലറൈസ് നല്‍കുന്നത് അംഗീകരിക്കാനാകില്ല. നേരത്തെ പണം നല്‍കിയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. വീണ്ടും പണം ഈടാക്കുന്നത് പോക്കറ്റടിക്കുന്നതിന് തുല്യമാണ്. അതിന് യു.ഡി.എഫ് കൂട്ടു നില്‍ക്കില്ല. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ നിന്നും പരാതി ഉയരുന്നുണ്ട്. നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. വന്യജീവി ആക്രമണം തടയാന്‍ ഈ സര്‍ക്കാരിന് ഒരു നടപടിയുമില്ല. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ വന്യജീവി ആക്രമണം തടയാന്‍ സമഗ്ര പദ്ധതി നടപ്പാക്കും.
ആരോഗ്യമേഖലയില്‍ നടക്കുന്നതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാല്‍ നിരവധി വാല്യങ്ങളുള്ള പുസ്തകം ഇറക്കാം. അത് വയ്ക്കാന്‍ വലിയ ഹാള്‍ പണിയേണ്ടി വരും. കത്രിക 50 വര്‍ഷം വയറ്റില്‍ കിടന്നാലും കുഴപ്പമില്ലെന്നാണ് പറഞ്ഞത്.



