
തൊടുപുഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ ഇന്ന് വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ മൂന്നാര്‍ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല ഗതാഗതം ഞായറാഴ്ച വരെ പൂര്‍ണ്ണമായും നിരോധിച്ചു. ഇതോടൊപ്പം പാറക്കഷണങ്ങള്‍ താഴേക്ക് പതിക്കാന്‍ സാധ്യതയുള്ളതിനാല്‍ രാത്രിയും പകലും റോഡിന്റെ വശങ്ങളിലുള്ള പാര്‍ക്കിങും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഞായറാഴ്ച വരെ നിരോധനമുണ്ട്. ഓറഞ്ച് അലര്‍ട്ടിന്റെയും കഴിഞ്ഞ ആഴ്ചയില്‍ മരം വീണ് രണ്ട് പേര്‍ മരിച്ചതിന്റെയും പശ്ചാത്തലത്തില്‍ ജില്ലയിലെമ്പാടും തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുറംജോലികള്‍, തോട്ടം മേഖലയിലെ പുറംജോലികള്‍ എന്നിവയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് കര്‍ശന ജാഗ്രതാ മുന്നറിയിപ്പും നല്‍കി. തൊഴിലാളികള്‍ക്ക് അപകട ഭീഷണി ഒഴിവാക്കുന്നതടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തോട്ടം ഉടമകള്‍ക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.


