
തൊടുപുഴ: പന്ത്രണ്ടു വര്‍ഷത്തോളമായി തകര്‍ന്ന് കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാത്തതിനെ തുടര്‍ന്ന് വ്യത്യസ്ത സമരമുറയുമായി നാട്ടുകാര്‍ രംഗത്ത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡില്‍ റീല്‍സ് ചിത്രീകരിച്ച് ഇത് സമൂഹ മാധ്യമ പേജുകളില്‍ പോസ്റ്റു ചെയ്താണ് ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം. നൂറുകണക്കിന് കുടുംബങ്ങള്‍ യാത്ര ചെയ്യുന്ന ചിലവ്-മാരാംപാറ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് റീല്‍സ് ചിത്രീകരണം. ആലക്കോട്, കരിമണ്ണൂര്‍ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പൊതുമരാമത്ത് വകുപ്പിന് കീഴിലായിരുന്ന റോഡ് പിന്നീട് ആലക്കോട് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി.
പന്ത്രണ്ടു വര്‍ഷം മുമ്പ് പി.ഡബ്ല്യു.ഡി റോഡില്‍ ടാറിംഗ് നടത്തിയതിനു ശേഷം ഇതു വരെ നിര്‍മാണ ജോലികള്‍ ഒന്നും പൂര്‍ണമായി നടത്തിയിട്ടില്ല. ഇതിനിടെ എം.എല്‍.എ ഫണ്ടില്‍ നിന്നും 24 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷവും വിനിയോഗിച്ച് 2023-ല്‍ 900 മീറ്റര്‍ ടാറിംഗ് നടത്തി. ബാക്കി വരുന്ന ഒരു കിലോമീറ്ററോളം ദൂരമാണ് പൂര്‍ണമായും തകര്‍ന്നു കിടക്കുന്നത്. മാരാംപാറ മുതല്‍ ഓലിക്കാമറ്റം ജംഗ്ഷന്‍ വരെയുള്ള 1.55 കിലോമീറ്റര്‍ ദൂരവും തകര്‍ന്ന നിലയിലാണ്.
വെള്ളിയാമറ്റം, അറക്കുളം, ആലക്കോട് പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് തൊടുപുഴയില്‍ എത്താതെ കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം ഭാഗത്തേയ്ക്ക് എത്താനുള്ള എളുപ്പ വഴിയാണ് ഇത്. അഞ്ഞൂറോളം കുട്ടികളും 13 സ്‌കൂള്‍ വാഹനങ്ങളും നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും ദിനം പ്രതി ഇതുവഴി സഞ്ചരിക്കുന്നുണ്ട്.
റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ബി.എം.ബി.സി നിലവാരത്തില്‍ നിര്‍മിക്കണമെന്നും ഐറിഷ് ഓട നിര്‍മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ചിലവ് ക്രിസ്തുരാജ് പള്ളി വികാരി ഫാ.ജോസഫ് താന്നിക്കല്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഇടവക പരിധിയിലെ റോഡിന്റെ അവസ്ഥ എന്ന വിഷയം ആസ്പദമാക്കി റീല്‍സ് മത്സരം സംഘടിപ്പിച്ചത്. ഇത് പള്ളിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റു ചെയ്തു.
വ്യൂസിന്റെ എണ്ണവും ആശയവും കണക്കിലെടുത്തായിരിക്കും സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക. റോഡിലൂടെ ദുരിത യാത്ര നടത്തി പൊറുതി മുട്ടിയ നാട്ടുകാരുടെ ദുരവസ്ഥ റീല്‍സിലൂടെയെങ്കിലും അധികൃതരുടെ കണ്ണു തുറപ്പിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
അനാസ്ഥ ഇല്ലെന്ന് ജനപ്രതിനിധികള്‍
തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിലുള്ള ചിലവ് – മാരാമ്പാറ റോഡ് നിര്‍മ്മാണത്തിന് ത്രിതല പഞ്ചായത്തുകള്‍ അനാസ്ഥ കാണിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ മാത്യു കെ. ജോണ്‍, വാര്‍ഡ് മെമ്പര്‍ ജാന്‍സി മാത്യു എന്നിവര്‍ അറിയിച്ചു. ഈ റോഡ് മോശമായപ്പോള്‍ തന്നെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ സമഗ്രമായി ഇടപെട്ട് ലഭ്യതയ്ക്ക് അനുസരിച്ച് റോഡ് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് 20 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, ആലക്കോട് ഗ്രാമപഞ്ചായത്ത് 13 ലക്ഷം എന്നിങ്ങനെ അനുവദിച്ച ഫണ്ടുകള്‍ കൊണ്ട് റോഡ് ഭൂരിഭാഗം പണി തീര്‍ത്തിട്ടുണ്ട്. ബാക്കി പണികള്‍ക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ ജേക്കബ് 10 ലക്ഷം രൂപ കൂടി അനുവദിച്ച് ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്.
ഈ വര്‍ഷത്തെ മോശം കാലാവസ്ഥ മൂലമാണ് കരാറുകാരന്‍ റോഡ് പണി തുടങ്ങുവാന്‍ താമസിക്കുന്നത്. ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും, സ്ഥലം എം.പി, എം.എല്‍.എ, പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍ തന്നെ ആരംഭിക്കുന്നതാണെന്ന് ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ മാത്യു കെ. ജോണ്‍ അറിയിച്ചു.


