തൊടുപുഴ: വിനോദ സഞ്ചാരികളെ സ്മാര്‍ട്ടാക്കാന്‍ പുത്തന്‍ വെബ് സൈറ്റുമായി കേരള വനംവകുപ്പ്. ഇതിന്റെ ഭാഗമായി വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇതിനായി പുതിയ വെബ് സൈറ്റും തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലെ 15 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 80 ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെബ് സൈറ്റിന്റെ സേവനം ലഭ്യമാണ്. സംസ്ഥാന വനംവകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോ ടൂറിസം വെബ് പോര്‍ട്ടലായ  ecotourism.forest.kerala.gov.in  പ്രവര്‍ത്തനം തുടങ്ങി. ടിസര്‍ ടെക്‌നോളജീസ്, സംസ്ഥാന വനവികസന ഏജന്‍സി എന്നിവയുടെ സഹകരണത്തോടെയാണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി പോര്‍ട്ടലിന്റെ രണ്ടാംഘട്ട നവീകരണവും വനംവകുപ്പിന്റെ ആലോചനയിലുണ്ട്. ഇതിന് പുറമേ മൊബൈല്‍ ആപ്പ് നിര്‍മ്മിക്കുന്നതിനും പദ്ധതിയുണ്ട്.

സഞ്ചാരികള്‍ക്കായി സേവനങ്ങള്‍ നിരവധി

പ്രവേശന ടിക്കറ്റുകള്‍ മുതല്‍ ട്രക്കിങ്ങിനും ബോട്ടിങ്ങിനുമുള്ള ടിക്കറ്റുകള്‍ വരെ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. വ്യത്യസ്തമായ പാക്കേജുകളും ലഭിക്കും. 230 വ്യത്യസ്ത പാക്കേജുകളാണ് തയ്യാറാക്കിയിട്ടുള്ളത്. താമസം, ഭക്ഷണം, ഹോംസ്റ്റേ / റിസോര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങള്‍, പ്രവേശന പാസിന്റെ ലഭ്യത, ട്രക്കിംഗ് നിരക്ക് തുടങ്ങി എല്ലാത്തരം കാര്യങ്ങളും പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റില്‍ ഐ.ഡി ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്താല്‍ ഇക്കാര്യം വ്യക്തമായി അറിയാന്‍ കഴിയും. ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ ടിക്കറ്റ് അടക്കം ഇ- മെയിലായി അപേക്ഷകന് ലഭിക്കും. ഇതിന് പുറമേ യാത്രയുമായി ബന്ധപ്പെട്ട എല്ലാത്തരം പുതിയ വിവരങ്ങളും സന്ദേശമായി അറിയിക്കും. ബുക്ക് ചെയ്തവ റദ്ദുചെയ്യാനും തുക തിരികെ ലഭിക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമാണ്. വനശ്രീ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും സൗകര്യമുണ്ട്. വരും നാളുകളില്‍ പ്ലേ സ്റ്റോറില്‍ ആപ്പും പുറത്തിറക്കും. ആദ്യം ആന്‍ഡ്രോയിഡ് ഫോണിലും പിന്നീട് ഐ ഫോണിലും ലഭ്യമാക്കുന്നതിനാണ് ആലോചന. പാര്‍ട്ടിസിപ്പേറ്ററി ഫോറസ്റ്റ് മാനേജ്മെന്റിന്റെ ഭാഗമായുള്ള പദ്ധതി ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുമുണ്ട്.

ഇടുക്കിയില്‍ 15 ഇടങ്ങളില്‍

ഇടുക്കിയിലെ 15 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സേവനം ലഭ്യമാണ്. കോതമംഗലം, മൂന്നാര്‍, മാങ്കുളം, മറയൂര്‍, പെരിയാര്‍ ഈസ്റ്റ്, ഇടുക്കിയിലെയും മൂന്നാറിലെയും വൈല്‍ഡ് ലൈഫുകള്‍ എന്നിങ്ങനെ എട്ട് ഫോറസ്റ്റ് ഡിവിഷനുകളിലായിട്ടാണ് 15 കേന്ദ്രങ്ങള്‍.

ഇടുക്കിയില്‍ ഓണ്‍ലൈന്‍  സേവനം ലഭ്യമാക്കിയ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ (ബ്രാക്കറ്റില്‍ വനം ഡിവിഷനുകള്‍ )

* തൊമ്മന്‍കുത്ത് (കോതമംഗലം)

* ചൊക്രമുടി (മൂന്നാര്‍)

* കൈനഗിരി, നക്ഷത്രക്കുത്ത്, ആനക്കുളം (മാങ്കുളം)

* മറയൂര്‍ ആനകോട്ടപ്പാറ, രാജീവ് ഗാന്ധി നേച്ചര്‍ പാര്‍ക്ക് (മറയൂര്‍)

* ഈസ്റ്റ് തേക്കടി, വള്ളക്കടവ് (പെരിയാര്‍)

* തട്ടേക്കാട്, വാകവനം, വെള്ളാപ്പാറ (ഇടുക്കി വൈല്‍ഡ് ലൈഫ്)

* ഇരവികുളം നാഷ്ണല്‍ പാര്‍ക്ക്, ചിന്നാര്‍ സാഞ്ച്വറി, ഷോല നാഷ്ണല്‍ പാര്‍ക്ക് (മൂന്നാര്‍ വൈല്‍ഡ് ലൈഫ്)

സഞ്ചാരികള്‍ക്ക് പ്രയോജനകരം

കൂടുതല്‍ സഞ്ചാരികള്‍ക്ക് ഇക്കോ ടൂറിസം സെന്ററുകള്‍ എളുപ്പം പരിചയപ്പെടുത്താനായാണ് വെബ് പോര്‍ട്ടല്‍ രൂപീകരിച്ചതെന്ന് സ്റ്റേറ്റ് പി.എഫ്.എം സെല്‍ അസി. മാനേജര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ പറഞ്ഞു. സാധാരണക്കാര്‍ക്കും വിദേശത്തുള്ളവര്‍ക്കും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here