വെള്ളിയാമറ്റം: ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക തൊഴില്‍ സേനയായ വെള്ളിയാമറ്റം കാര്‍ഷിക കര്‍മ്മ സേനയുടെ നേതൃത്വത്തില്‍, ഈ വര്‍ഷം ഓണത്തെ വരവേല്‍ക്കാന്‍ പഞ്ചായത്തിലെ സ്വകാര്യ വ്യക്തിയുടെ മഴമറ വാടകക്ക് എടുത്ത് തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറികളും പൂക്കളും കൃഷി ആരംഭിച്ചു. കാര്‍ഷിക കര്‍മ്മ സേനയെ ശാക്തീകരിക്കുന്നതിന് ഉതകുന്ന പലവിധ പദ്ധതികള്‍ ഈ വര്‍ഷം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്.

അതിന് മുന്നോടിയായി വെള്ളിയാമറ്റം പഞ്ചായത്തും കൃഷിഭവനും നല്‍കിയ നിര്‍ദ്ദേശം ഉള്‍ക്കൊണ്ടാണ് കാര്‍ഷിക കര്‍മ്മ സേനയിലെ അഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് സ്വന്തം നിലയില്‍ ഓണവിപണി ലക്ഷ്യമിട്ട് പച്ചക്കറികളും പൂക്കളും കൃഷി ആരംഭിച്ചത്. കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യം ആയതിനാല്‍ പഞ്ചായത്തില്‍ തന്നെ ഉള്ള അബ്രഹാം കൂട്ടുങ്കല്‍ എന്ന സ്വകാര്യ വ്യക്തിയുടെ മഴമറ വാടകയ്ക്ക് എടുത്ത് കൃഷി ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് തിരുവാതിര ഞാറ്റുവേലയില്‍ കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മോഹന്‍ദാസ് പുതുശ്ശേരി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷേര്‍ളി ജോസുകുട്ടി അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി ചന്ദ്രശേഖരന്‍, വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ വി.കെ., കൃഷി ഓഫീസര്‍ നിമിഷ അഗസ്റ്റിന്‍, കൃഷി അസിസ്റ്റന്റ് അരുണ്‍കുമാര്‍ പി.ഡി., കാര്‍ഷിക കര്‍മ്മ സേനാ പ്രസിഡന്റ് ശ്രീജ പുഷ്പന്‍, സെക്രട്ടറി വിലാസിനി കെ.വി., അംഗങ്ങള്‍ ആയ ഉഷാകുമാരി ലാല്‍, റീത്ത സിബി, ചന്ദ്രിക ബാലചന്ദ്രന്‍, റാണി സന്തോഷ്, ഷൈനി സജീവ് എന്നിവര്‍ പങ്കെടുത്തു. തക്കാളി, പച്ചമുളക്, വെണ്ട, സാലഡ് കുക്കുമ്പര്‍, പയര്‍, ചെണ്ടുമല്ലി, വാടാമുല്ല എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. കൃഷി ചിലവുകള്‍ അംഗങ്ങള്‍ സ്വയം വഹിക്കും. കൃഷി സംബന്ധമായ നിദ്ദേശങ്ങള്‍ നല്‍കി കൃഷിഭവനും, പഞ്ചായത്തും ഇവര്‍ക്കൊപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here