മൂന്നാർ : ഒരു ഇടവേളയ്ക്ക് ശേഷം കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കളത്തിലിറങ്ങി. മൂന്നാർ ഗ്രാമസ്ലാൻഡ് റോഡിൽ പടയപ്പ ഓട്ടോറിക്ഷ ആക്രമിച്ചു.  മൂന്നാര്‍ ഗ്രാംസ്ലാന്‍ഡ് ന്യൂ ഡിവിഷന്‍ സ്വദേശി കറുപ്പസ്വാമിയുടെ ഓട്ടോയാണ് കൊമ്പൻ ആക്രമിച്ചത്. കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കറുപ്പ് സ്വാമി. 

വ്യാഴാഴ്ച രാത്രി മൂന്നാറില്‍ നിന്നും ഓട്ടമവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കറുപ്പസ്വാമി ആനയുടെ മുമ്പില്‍പ്പെട്ടത്.റോഡിലെ കൊടും വളവ് ഭാഗത്തായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്.തൊട്ടുമുമ്പിലെത്തിയപ്പോള്‍ മാത്രമെ കറുപ്പസ്വാമിക്ക് ആനയെ കാണാന്‍ കഴിഞ്ഞൊള്ളു.രക്ഷപ്പെടാനുള്ള ചിന്തയെത്തും മുമ്പെ പടയപ്പ ഓട്ടോറിക്ഷ സഹിതം തള്ളി താഴ്ച്ചയിലേക്കിട്ടതായും തള്ളിയിട്ട വാഹനത്തില്‍ നിന്നും തെറിച്ചുവീണ താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കറുപ്പസ്വാമി പറഞ്ഞു.

പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമെന്ന് പ്രദേശവാസികളും പറയുന്നു. 

രാപകല്‍ വ്യത്യാസമില്ലാതെ ആളുകള്‍ കാട്ടാനപ്പേടിയിലാണ് ഈ പ്രദേശത്ത് കഴിഞ്ഞ് കൂടുന്നത്.

ഇതിനു പിന്നാലെ  വെള്ളിയാഴ്ച പുലർച്ചെ മൂന്നാർ ടൗണിൽ ഇറങ്ങിയ കൊമ്പൻ ഭീതി പടർത്തി.

 പുലർച്ചെ മൂന്നാർ റീജിയണൽ ഓഫീസ് ജംഗ്ഷനിൽ ആണ് കൊമ്പൻ ഇറങ്ങി വഴിയോര സ്ഥാപനങ്ങൾ തകർത്തത്. പഴയ മൂന്നാർ ടൗണിന് സമീപം മൂന്നാർ പഞ്ചായത്ത് നിർമ്മിച്ചിട്ടുള്ള പാർക്കിനും ആനനാശം വരുത്തി.

ആന ടൗണിലെത്തിയ സമയത്ത് നിരവധി സഞ്ചാരികളും നാട്ടുകാരും ടൗണിൽ ഉണ്ടായിരുന്നു. ഇവർ ബഹളം വച്ചതോടെയാണ് ആന പിൻവാങ്ങാൻ തയ്യാറായത്. വിനോദസഞ്ചാരികൾ ഏറെ എത്തുന്ന അവധിക്കാലമായതിനാൽ  കൊമ്പനെ ജനവാസ മേഖലയിൽ നിന്നും അകറ്റിനിർത്താൻ വന്നവകുപ്പ് പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നാണ് വിനോദസഞ്ചാരത്തെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here