തൊടുപുഴ: ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ തൊടുപുഴ മാരിയില്‍ക്കടവ് പാലത്തില്‍ നിന്നും കാഞ്ഞിരമറ്റം ഭാഗത്തേക്കുള്ള അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ പല ഘട്ടങ്ങളിലായി നടത്തിയ നിയമ – ഭരണ – പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്നലെ പണികള്‍ തുടങ്ങിയത്. കാഞ്ഞിരമറ്റം ഉള്‍പ്പെടുന്ന തൊടുപുഴ നഗരത്തിന്റെ കിഴക്കന്‍ പ്രദേശത്തെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് അപ്രോച്ച് റോഡ് നിര്‍മാണത്തിലൂടെ പൂര്‍ത്തിയാകുന്നത്. മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 5.27 കോടി രൂപ അനുവദിച്ചാണ് തൊടുപുഴയാറിന് കുറുകെ മാരിയില്‍ക്കടവില്‍ പാലം പണിതത്. എന്നാല്‍ പാലത്തിലേക്ക് എത്താനായി ഇരുവശത്തുമുള്ള അപ്രോച്ച് റോഡിന്റെ പണികള്‍ നടത്തിയിരുന്നില്ല. തൊടുപുഴ – മൂലമറ്റം റോഡിലെ മാരിയില്‍കലുങ്ക് ഭാഗത്ത് നിന്ന് പാലം വരെയുള്ള ഭാഗത്ത് അപ്രോച്ച് റോഡ് നിര്‍മാണത്തിന് പി.ജെ.ജോസഫ് എം.എല്‍.എ ഫണ്ടില്‍ നിന്ന് 1.98 കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് ആ ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

രണ്ട് മാസത്തിനുള്ളില്‍ പാലം തുറക്കാനാകുമെന്ന് പ്രതീക്ഷ

എന്നാല്‍ കാഞ്ഞിരമറ്റം ഭാഗത്ത് നിന്നും പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പണികള്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. പാലം പണി പൂര്‍ത്തിയാക്കിയപ്പോള്‍ മിച്ചം ണ്ടായിരുന്ന ഒരു കോടിയോളം രൂപാ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ ധാരണയായെങ്കിലും വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും നിയമ നടപടികളുടെ നൂലാമാലകളില്‍പ്പെട്ട് ഇഴയുകയായിരുന്നു. പിന്നീട് പി.ജെ. ജോസഫ് എം.എല്‍.എ പാലം പണിയുമായി ബന്ധപ്പെട്ട വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് അപ്രോച്ച് റോഡ് നിര്‍മാണത്തിന് അനുമതി ആയെങ്കിലും വീണ്ടും പണികള്‍ ആരംഭിക്കാന്‍ വൈകി. നടപടികള്‍ അനിശ്ചിതമായി വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യഗസ്ഥരെ പങ്കെടുപ്പിച്ച് രണ്ട് തവണ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചര്‍ന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ അപ്രോച്ച് റോഡിന്റെ പണികള്‍ ആരംഭിക്കാനായത്. പാലം നിര്‍മിച്ച മൂവാറ്റുപുഴ മേരിമാത കമ്പനിയണ് ഇപ്പോള്‍ അപ്രോച്ച് റാഡിന്റെയും പണികള്‍ നടത്തുന്നത്. രണ്ട് മാസത്തിനുള്ളില്‍ പാലത്തിലൂടെ ഗതാഗതം യാതാര്‍ത്ഥ്യമാക്കാനുള്ള ശ്രമിത്താലാണ് അധികൃതര്‍.

വികസന പ്രതീക്ഷയില്‍ കാഞ്ഞിരമറ്റം മേഖല

കാഞ്ഞിരമറ്റം – മാരിയില്‍ കലുങ്ക് പാലത്തിലൂടെ വാഹന ഗതാഗതം യാതാര്‍ത്ഥ്യമാകുന്നതോടെ വികസന സ്വപ്‌നം യാതാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ കാ്ഞ്ഞിരമറ്റം മേഖല. പാലം പണിത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് ഇല്ലാത്തതിനാല്‍ പാലത്തിന്റെ പ്രയോജനം കാഞ്ഞിരമാറ്റത്തുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല. പാലം പണി കഴിഞ്ഞപ്പോള്‍ തന്നെ ഇരു ഭാഗത്തുമുള്ള സ്ഥലം അപ്രോച്ച് റോഡിനായി ഏറ്റെടുക്കാന്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനിടെ ചില കേസുകളും തടസവാദങ്ങളുമുണ്ടായി. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ പുതിയ അപ്രോച്ച് റോഡ് യാഥാര്‍ഥ്യമാകുന്നത്. ജില്ലയിലെ തന്നെ പ്രമുഖ ശിവ ക്ഷേത്രമായ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ആയിരക്കണക്കിനു ഭക്തര്‍ക്കും കാഞ്ഞിരമറ്റം വഴി കടന്ന് പോകുന്ന പ്രദേശങ്ങളിലുള്ളവര്‍ക്കുമെല്ലാം പാലം വലിയ അനുഗ്രഹമാകും. നഗരത്തില്‍ നിന്ന് നിലവിലുള്ള വീതി കുറഞ്ഞ റോഡിലൂടെ കാഞ്ഞിരമറ്റത്ത് എത്തുന്നതിനേക്കാള്‍ വളരെ എളുപ്പം മൂലമറ്റം റോഡില്‍ നിന്ന് ക്ഷേത്രത്തിന് മുന്നിലേക്കും തിരികെയും എത്താന്‍ സാധിക്കും. തൊടുപുഴയുടെ കിഴക്കന്‍ മേഖലകളായ വണ്ണപ്പുറം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇടുക്കി റോഡില്‍ നിന്നും മാരിയില്‍കലുങ്ക് പാലം – കാഞ്ഞിരമറ്റം – മങ്ങാട്ട്കവല വഴി തിരിച്ച് വിടാനും സാധിക്കും. തൊടുപുഴ നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകുന്ന മോര്‍ ജങ്ഷനിലെ തിരക്കും ഗാതഗത കുരുക്കും ഒരു പരിധിവരെ കുറയ്ക്കുന്നതിനും മാരിയില്‍ കലുങ്ക് പാലം സഹായകമാകുമെന്നാണ് കണക്ക് കൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here