
വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുന്നു. വൈകുന്നേരം സമയങ്ങളില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടം വീടുകളിലെ മുറ്റത്തും പറമ്പിലുമുള്ള കൃഷികളാണ് നശിപ്പിക്കുന്നത്. തെങ്ങ്, വാഴ, കൊക്കോ, ചക്ക, പൈനാപ്പിള്‍ ഇവയെല്ലാം നശിപ്പിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം അമയല്‍തൊട്ടിയിലെ അംഗന്‍വാടിയുടെ മുറ്റത്ത് വരെ ആനകളെത്തിയിരുന്നു. 15 ഓളം കുട്ടികള്‍ പഠിക്കുന്നതാണ് ഈ അംഗണവാടി.
പ്രദേശവാസിയായ തെങ്ങുംതെറ്റയില്‍ ഓനച്ചന്റെ വീടിന് മുന്നിലുള്ള കിണര്‍ ആന നശിപ്പിച്ചു. നടക്കുവാന്‍ വയ്യാത്ത ഓനച്ചനും രോഗിയായി ഭാര്യയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ ബഹളം കേട്ടെത്തിയ സമീപവാസികളാണ് ആനയെ തുരത്തിയത്. പ്രദേശവാസികള്‍ അപ്പോള്‍ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഫെന്‍സിങ്ങിനുള്ള ഫണ്ട് അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. കാട്ടാനയുടെ ഉപദ്രവത്തില്‍ യുവാവ് മരണപ്പെട്ടിട്ട് നാല് മാസമായെങ്കിലും ഇവിടെ നിന്ന് കാട്ടാനകളെ തുരത്തുവാന്‍ വകുപ്പ് നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.


