
തൊടുപുഴ: നാല് ദിവസം പിന്നില്‍നിന്ന ശേഷം നിലവിലെ ചാമ്പ്യന്മാരായ മഹാരാജാസ് പോയിന്റ് നിലയില്‍ മുന്നിലേക്കെത്തി. അഞ്ചാംദിനം പൂര്‍ത്തിയാകുമ്പോള്‍ 78 പോയിന്റുമായി ഒന്നാമതാണ് മഹാരാജാസ്. തൊട്ടുപിന്നിലുള്ള സെന്റ് തെരേസാസ് കോളേജിന് 71 പോയിന്റുണ്ട്. 64 പോയിന്റോടെ അഞ്ചാംദിനവും ആര്‍.എല്‍.വി കോളേജ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. എസ്.എച്ച് തേവര 60, ആലുവ യു.സി 38 എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. രണ്ട് ദിവസം ബാക്കിനില്‍ക്കേ മഹാരാജാസ് കിരീടം നിലനിര്‍ത്തുമോ, അതോ സെന്റ് തെരേസാസ് വിജയികളാകുമോ എന്നാണ് ദസ്തക് കാത്തിരിക്കുന്നത്. 2022വരെ ഹാട്രിക് വിജയം നേടിയ എസ്.എച്ച് കോളേജും കപ്പുയര്‍ത്താനുള്ള വാശിയിലാണ്.

എം.ജി കലോത്സവം അവസാനിക്കാന്‍ ഇനി രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേ കലാതിലകം, കലാപ്രതിഭ, പ്രതിഭാതിലകം പട്ടങ്ങള്‍ക്കായുള്ള പോരാട്ടവും അവസാന ലാപ്പിലേക്ക്. കലാതിലക പോരാട്ടത്തില്‍ തേവര എസ്.എച്ചിലെ പി. നന്ദന കൃഷ്ണനാണ് ഒന്നാമത്. 11 പോയിന്റുണ്ട് ഇതുവരെ. പദ്യപാരായണം ഹിന്ദിക്ക് ഒന്നാം സ്ഥാനവും ഇംഗ്ലീഷിനും തമിഴിനും രണ്ടാം സ്ഥാനവും നേടി. കഴിഞ്ഞ വര്‍ഷത്തെ കലാതിലകമായ നന്ദനയ്ക്ക് ഇനി അദര്‍ഫോംസ് ഓഫ് ക്ലാസിക്കല്‍ ഡാന്‍സ് കൂടിയുണ്ട്.

എട്ടുവീതം പോയിന്റുമായി സെന്റ് തെരേസാസ് കോളേജിലെ ആര്‍.പി അഥര്‍വയും കീഴൂര്‍ ഡിബി കോളേജിലെ ഗോപിക ജി. നായരുമാണ് രണ്ടാമത്. ആലുവ ഭാരത്മാതാ കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസിലെ സി.എസ് ആനന്ദ് 13 പോയിന്റുമായി കലാപ്രതിഭാ പട്ടികയില്‍ മുന്നിലാണ്. തൊട്ടുപിന്നില്‍ 11 പോയിന്റോടെ ആര്‍.എല്‍.വി കോളേജിലെ എസ്. വിഷ്ണുവാണ്. പ്രതിഭാതിലകത്തിന് സെന്റ് തെരേസാസിലെ സഞ്ജന ചന്ദ്രന് വ്യക്തമായ മുന്‍തൂക്കമുണ്ട്. 16 പോയിന്റാണുള്ളത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സഞ്ജനയാണ് പ്രതിഭാതിലകം. ഫലം വരാനും മത്സരങ്ങള്‍ പൂര്‍ത്തിയാകാനും ബാക്കിയുള്ളത് പോരാട്ടം കടുപ്പിക്കുമെന്നുറപ്പ്.




