തൊടുപുഴ: ചെക്ക് കേസില്‍ വാറണ്ടായ പ്രതിയുടെ അറസ്റ്റ് ഒഴിവാക്കുന്നതിന് ഗൂഗിള്‍ പേ വഴി 10,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്.ഐയും ഏജന്റും വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി ഇടുക്കി വിജിലന്‍സ് യൂണിറ്റ് തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇന്‍സ്‌പെക്ടറായ പ്രദീപ് ജോസിനെയും ഏജന്റ് റഷീദിനെയുമാണ് അറസ്റ്റ് ചെയ്തത്. തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ തൊടുപുഴ സ്വദേശിയായ പരാതിക്കാരന്റെ വിദേശത്തുള്ള സുഹൃത്തിന്റെ ഭാര്യയുടെ പേരില്‍ ഉണ്ടായിരുന്ന ചെക്ക് കേസില്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ചെക്ക് കേസിലെ വാറണ്ടില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി 10,000 രൂപ ഗൂഗിള്‍ പേ വഴി നല്‍കണമെന്ന് പ്രദീപ് ജോസ് ഇക്കഴിഞ്ഞ 12ന് ആവശ്യപ്പെട്ടു. വിദേശത്തുള്ള സുഹൃത്ത് നിര്‍ദേശിച്ച പ്രകാരം പരാതിക്കാരന്‍ തൊട്ടടുത്ത ദിവസം പ്രദീപ് ജോസിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഏജന്റായ റഷീദിന്റെ ഗൂഗിള്‍ പേ നമ്പര്‍ അയച്ചു കൊടുത്ത ശേഷം അതിലേക്ക് പണം അയച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ 17ന് എസ്.ഐയെ വിളിച്ചപ്പോള്‍ പണം വൈകിട്ട് അയക്കണമെന്നും അയച്ച ശേഷം അറിയിക്കണമെന്നും പറഞ്ഞു.

ഇതെ തുടര്‍ന്ന് പരാതിക്കാരന്‍ വിവരം ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈ.എസ്.പിയെ അറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ സി.ഐമാരായ ഫിലിപ് സാം, ബിന്‍സ് ജോസ് എന്നിവര്‍ ഉള്‍പ്പെട്ട വിജിലന്‍സ് സംഘം തിങ്കളാഴ്ച രാത്രി 10.30ന് വണ്ടിപ്പെരിയാര്‍ 63-ാം മൈലിലെ പ്രദീപ് ജോസിന്റെ വാടക വീട്ടില്‍ നിന്നാണ് പരാതിക്കാരനില്‍ നിന്നും ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങവേ ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here