
തൊടുപുഴ: ബെംഗളൂരുവില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചത് സുഹൃത്തിന്റെ മര്‍ദനമേറ്റെന്ന് പരാതി. തൊടുപുഴ മണക്കാട് സ്വദേശി പുത്തന്‍പുരയില്‍ ലിബിന്‍ ബേബിയുടെ (32) മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ലിബിന്‍ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച ലിബിന്‍ ശുചിമുറിയില്‍ വീണ് പരുക്കേറ്റതായി സുഹ്യത്തുക്കള്‍ ലിബിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് ലിബിന് സുഹൃത്തിന്റ മര്‍ദനത്തിലാണ് പരിക്കേറ്റതെന്ന് അറിയുന്നത്. പരിക്കേറ്റ ലിബിനെ സുഹൃത്തുക്കള്‍ ആദ്യം അടുത്തുള്ള ക്ലിനിക്കിലാണ് എത്തിച്ചത്. അവിടുന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററില്‍ ആക്കുകയുമായിരുന്നു. ശുചിമുറിയില്‍ വീണാല്‍ സംഭവിക്കുന്ന പരുക്കല്ല ലിബിന് ഉണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ആദ്യ ദിവസങ്ങളില്‍ ലിബിന്റെ കൂട്ടുകാര്‍ ആശുപത്രിയില്‍ ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ നില ഗുരുതരമായത്തോടെ കൂട്ടുകാരില്‍ ഒരാള്‍ നാട്ടിലേക്ക് മടങ്ങി. ഇതാണ് ബന്ധുക്കളുടെ സംശയം വര്‍ദ്ധിപ്പിച്ചത്. ഒപ്പം താമസിച്ചവരുടെ മര്‍ദനമാണ് ലിബിന്റെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ബെംഗളൂരു പൊലീസില്‍ കുടുംബം പരാതി നല്‍കി. ലിബിന്റെ ആന്തരിക അവയവങ്ങള്‍ കുടുംബത്തിന്റെ ആഗ്രഹ പ്രകാരം ദാനം ചെയ്തു. ഇന്നലെ നാട്ടില്‍ എത്തിച്ച് മൃതദേഹം സംസ്‌കരിച്ചു. മാതാവ് മേരിക്കുട്ടി.




