
മാങ്കുളം: മാങ്കുളത്ത് പുഴയോരത്തെ പുറമ്പോക്കിലുള്ള ഏറുമാടത്തിൽ നിന്നും വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന 11, 7, 6 വയസുള്ള മൂന്നു കുട്ടികളെ കണ്ടെത്തി. അടിമാലി ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ താമസക്കാരായിരുന്നു എന്നാണ് കുട്ടികൾ നൽകുന്ന വിവരം. മാതാവ് ഉപേക്ഷിച്ചു പോയതാണെന്നും പിതാവ് രാത്രികാലങ്ങളിൽ ഒപ്പമുണ്ടെന്നും കുട്ടികൾ പറയുന്നു. സങ്കേതത്തിനു പുറത്ത് മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം ആന ഓരിന് സമീപമാണ് ഏറുമാടം കണ്ടെത്തിയത്. വലിയ പാറക്കുട്ടി എന്ന ഭാഗത്ത് പുഴയോരത്ത് മരത്തിൽ ഏറുമാടം വച്ചു കെട്ടി ഇതിലായിരുന്നു കുട്ടികൾ അന്തിയുറങ്ങിയിരുന്നത്. നാലുമാസത്തോളമായി ഇവർ ഈ ഭാഗങ്ങൾ ഉണ്ടായിരുന്നു എന്ന് നാട്ടുകാരായ ചിലർ പറഞ്ഞു. വിവരമറിഞ്ഞ് ആരോഗ്യവകുപ്പിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് റ്റി. പ്രിയാവതി എന്നിവർ ഇവിടെയെത്തി. പിതാവ് ജയമോനെ ഇവർക്ക് കണ്ടെത്താനായില്ല. കുട്ടികൾ പറയുന്ന വിവരം അനുസരിച്ച് 11 വയസ്സുകാരിയായ മൂത്ത മകൾ നാലാം ക്ലാസ് വരെ മുൻപ് പഠനം നടത്തിയിട്ടുണ്ടത്രെ. ഏഴും ആറും വയസ്സുള്ള ഇളയ ആൺകുട്ടികൾ മുൻപ് ഒന്നാം ക്ലാസിൽ പഠനം നടത്തിയിരുന്നതായും കുട്ടികൾ പറയുന്നു. നാലുമാസത്തോളമായി ഇവിടെ എത്തിയശേഷം പഠനം നടത്തിയിട്ടില്ല. പോഷകാഹാരത്തിന്റെ കുറവ് പ്രഥമദൃഷ്ട്യാ തിരിച്ചറിയുന്ന വിധത്തിലായിരുന്നു കുട്ടികളെ കണ്ടെത്തിയത്. വനാതിർത്തിയിലെ മരച്ചില്ലകളിൽ കാട്ടുകമ്പുകൾ വച്ചുകെട്ടിയുണ്ടാക്കിയ ഏറുമാടത്തിന് താഴ്ഭാഗത്താണ് ഇവർ താൽക്കാലിക അടുപ്പുകല്ലുകൾ സ്ഥാപിച്ച് ഭക്ഷണം പാചകം ചെയ്തിരുന്നത്. ഏറുമാടത്തിന്റെ താഴ്ഭാഗത്തായി കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ പതിവായി ഉണ്ടെന്നും നാട്ടുകാർ പറയുന്നു. പുലർച്ചെ പോകുന്ന പിതാവ് രാത്രി വൈകിയാണ് തിരികെ ഏറുമാടത്തിൽ എത്തുന്നത്. ഈ സമയങ്ങളിലെല്ലാം കുഞ്ഞുങ്ങൾ തനിച്ചാണ് ഉണ്ടാവുക. സുരക്ഷിതമല്ലാത്ത രീതിയിൽ കുട്ടികളെ കണ്ടെത്തിയ വിവരം ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് മുഖേന മെഡിക്കൽ ഓഫീസറെയും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിച്ചിട്ടുണ്ട്. കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽ നിന്നും കുട്ടികളുമായി ഏറുമാടത്തിലേക്ക് വരാനുണ്ടായ സാഹചര്യം അടക്കം കണ്ടെത്തേണ്ടതുണ്ട്.
കുട്ടികൾക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അവശ്യ ഭക്ഷ്യവസ്തുക്കൾ വാങ്ങി നൽകിയ ശേഷം ഇവർ മടങ്ങി.


