
അടിമാലി: ദേശീയ പാതയിൽ നിന്നും നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്കു കൂപ്പുകുത്തിയെങ്കിലും
ഭാഗ്യം തുണച്ചതുമൂലം യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ സന്ധ്യയ്ക്ക് 6.50നാണ് അപകടം സംഭവിച്ചത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലം ചെറായി പാലത്തിനു സമീപമാണ് സംഭവം. തമിഴ്നാട് ഉദുമൽപെട്ടയിൽ നിന്നും മൂന്നാർ വഴി എറണാകുളത്തേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. 21 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമാണ് ബസ്സിൽ ഉണ്ടായിരുന്നത്. വാഹനത്തിനുള്ളിൽ ആളുകൾ കുറവായിരുന്നത് മൂലം അപകടത്തിൽ കാര്യമായ പരിക്കുകളേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഈ മേഖലയിൽ ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ദേവിയാർ പുഴയോട് ചേർന്ന് സംരക്ഷണഭിത്തിക്കായി മണ്ണ് മാറ്റിയിരുന്ന ഭാഗത്തേക്കാണ് ബസ് കൂപ്പുകുത്തിയത്. ഇതുമൂലം പുഴയിലെ വെള്ളത്തിലേക്ക് പതിക്കാതിരുന്നത് ദുരന്തം ഒഴിവാകാൻ കാരണമായി. പുഴയോട് ചേർന്നുള്ള പാറയിലേക്ക് ബസിന്റെ മുൻഭാഗം ഇടിച്ചു വീണതിനാൽ വാഹനം ഭാഗികമായി തകർന്നു. റോഡുവക്കിലെ ഇരുമ്പ് ക്രാഷ് ഗാർഡ് തകർത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്.
ഡ്രൈവർ ഉൾപ്പെടെ മൂന്ന് യാത്രക്കാർക്ക് നേരിയ പരിക്കുകൾ മാത്രമാണ് സംഭവിച്ചത്. അപകടം നടന്നയുടൻ ഇതുവഴി വന്ന യാത്രക്കാരും പ്രദേശവാസികളും രക്ഷാപ്രവർത്തകർക്ക് നേതൃത്വം നൽകി.