
മൂന്നാർ : കേരളത്തിൽ വേനൽ ചുട്ടുപൊള്ളിക്കുകയാണ്. വരാൻ പോകുന്ന ദിവസങ്ങളും ആശ്വാസകരമായിരിക്കില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയപ്പ്. ചൂട് കനത്തതോടെ തണുപ്പുള്ള സ്ഥലങ്ങൾ തേടി യാത്ര ചെയ്യുകയാണ് ഇപ്പോൾ മലയാളികൾ. പലരും ഇപ്പോൾ വെച്ച് പിടിക്കുന്നത് ഊട്ടിയിലേക്കാണ്. അല്ലെങ്കിലും കേരളം ‘പൊള്ളുമ്പോൾ’ ഊട്ടിയാണ് ആശ്വാസം എന്നാണ് പലരുടേയും ചിന്ത. എന്നാൽ ചുട്ടുപൊള്ളുന്ന വേനലിലും കുളിരണിയാൻ പറ്റുന്ന സ്ഥലം നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാകുമ്പോൾ ഇനി ഊട്ടിക്ക് വെച്ച് പിടിക്കേണ്ടതുണ്ടോ? പെട്ടെന്ന് അടുത്ത വണ്ടിയിൽ കേറുക മൂന്നാറിലേക്ക് പോരുക. അടുത്ത പട്ടണങ്ങൾ പോലും ചുട്ടു പൊള്ളുമ്പോൾ മൂന്നാർ തണുപ്പൻ ആശ്വാസം പകരുകയാണ്.
കേരളം വേനൽചൂടിന്റെ പിടിയിൽ വെന്തുരുകുമ്പോൾ മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും താപനില 5 ഡിഗ്രി കടന്നിട്ടില്ല. ചെണ്ടുവാരയിൽ താപനില 2 ഡിഗ്രി സെൽഷ്യസും നല്ലതണ്ണിയിൽ മൂന്നും ദേവികുളം, ലക്ഷ്മി, സെവെന്‍ലൈ എന്നിവിടങ്ങളിൽ നാലും സൈലന്റ്വാലി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ അഞ്ചും ഡിഗ്രിയാണ് ചൂട്.
നേരത്തെ പ്രദേശത്തെ കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് ഫെബ്രുവരി 13-ന് ചെണ്ടുവരയിൽ രേഖപ്പെടുത്തിയിരുന്നു.

പിന്നീട് ചൂട് കൂടിയെങ്കിലും തിങ്കളാഴ്ചയോടെ രണ്ട് ഡിഗ്രിയിലേക്ക് താഴുകയായിരുന്നു. പുലർച്ചയോടെ താപനില താഴ്ന്നെങ്കിലും പകൽസമയത്ത് നല്ലവെയിലാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.
എന്നാൽ മൂന്നാറിലെ വെയിലും ചൂടും ചൂടല്ലെന്നാണ് താഴെ നിന്നും തണുപ്പ് ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ പറയുന്നത്.
അതിനാൽ തന്നെ നിരവധി സഞ്ചാരികളാണ് മൂന്നാർ സന്ദർശിക്കാനായി എത്തുന്നത്.
വന്നവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഈ ചൂടിൽ ഊട്ടിയെക്കാൾ നല്ലത് നമ്മുടെ മൂന്നാർ തന്നെ.