തൊടുപുഴ: ഇടുക്കി പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് കെ.പി.ഗോപിനാഥ് അനുസ്മരണവും 17-ാമതു മാധ്യമ പുരസ്‌കാര വിതരണവും നടത്തി. പ്രസ് ക്ലബ്ബ് ഹാളില്‍ ചേര്‍ന്ന യോഗം ഇടുക്കി ഡിസിആര്‍ബി ഡിവൈഎസ്പി കെ.ആര്‍.ബിജു ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവലാളാണെന്നും രാജ്യത്തിന്റെ നിലനില്‍പ്പിന് മാധ്യങ്ങളുടെ പങ്ക് വലുതാണെന്നും പോലീസും മാധ്യമപ്രവര്‍ത്തകരും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

 യോഗത്തില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി വി.ആര്‍.രാജ്‌മോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഈ വര്‍ഷത്തെ കെ.പി.ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായ മെട്രോ വാര്‍ത്ത അസോസിയേറ്റ് എഡിറ്റര്‍ എം. ബി. സന്തോഷ് ഡിവൈഎസ്പി കെ.ആര്‍.ബിജുവില്‍ നിന്നു ഫലകവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. മാറുന്ന പ്രകൃതി, മാറേണ്ട നമ്മള്‍ എന്ന വാര്‍ത്താ പരമ്പരയാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ സ്വാഗതവും  ട്രഷറര്‍ ആല്‍വിന്‍ തോമസ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ പി.കെ.ലത്തീഫ്, അഖില്‍ സഹായി, അനീഷ് ടോം, വി.വി.നന്ദു, എന്‍.വി.വൈശാഖ്, ഷിയാമി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വില്‍സണ്‍ കളരിക്കല്‍, കെ.എ.സെയ്ഫുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.പി.ഗോപിനാഥിന്റെ സഹോദരന്‍ മുരളീധരന്‍നായര്‍, മകന്‍ ആനന്ദ് ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലുള്ള നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here