ചെറുതോണി: ആകാശത്തുമുണ്ട് ഇനി ഇടുക്കിക്ക് പിടി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്.ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ നിസിമോള്‍ റോയി ഇനി ആകാശത്ത് ഇടുക്കിയുടെ കരുത്താകും. സര്‍ക്കാരിന്റെ വിംഗ്‌സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 21 കാരിയായ നിസിമോള്‍ക്ക് പരിശീലനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞു. എസ്.ടി വിഭാഗത്തില്‍പെട്ട നിസിമോള്‍ ചെറുപ്പം മുതലേ പഠിത്തത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. പൈലറ്റാകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഇതിനു വരുന്ന ഭാരിച്ച ചെലവ് മാതാപിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ എന്‍.ഐ.ടിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഉപരിപഠനത്തിന് ചേരുകയായിരുന്നു.

പഠിത്തത്തിനിടയിലും തന്റെ ആഗ്രഹം സഭലീകരിക്കുന്നതിന് ശ്രമിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ എസ്.ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് ലഭിച്ചതോടെ എന്‍.ഐ.ടിയിലെ പഠനമുപേക്ഷിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൈലറ്റ് പരിശീലനത്തിന് ചേരുകയായിരുന്നു. ഫീസ് സര്‍ക്കാരാണ് നല്‍കുന്നത്. ഇടുക്കി എന്‍ജിനീയറിങ് കോളജിലെ ഡ്രൈവര്‍ പുളിക്കത്തൊട്ടി കാവുംവാതുക്കല്‍ റോയിയുടേയും മേഴ്‌സിയുടേയും മൂത്ത മകളാണ് നിസിമോള്‍ റോയി. ഇടുക്കി ജില്ലയില്‍ ആദ്യമായിട്ടാണ് എസ്.ടി വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടിക്ക് പൈലറ്റാവാന്‍ അവസരം ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here