
വണ്ണപ്പുറം: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം – ചേലച്ചുവട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ചെറുതും വലുതുമായുണ്ടാകുന്ന അപകടങ്ങളില്‍ ആളുകളുടെ ജീവന്‍ പൊലിയുന്നതും പരിക്കേല്‍ക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
ഇതിന് പുറമേയാണ് വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍. വെള്ളിയാഴ്ച രാത്രി പിക്ക്അപ് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. വെസ്റ്റ് ബംഗാള്‍ സ്വദേശി ബാപി റോയ് (25) ആണ് ഇതേ സംസ്ഥാന പാതയിലെ എഴുപതേക്കര്‍ നിരപ്പുപാറയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
സര്‍വ്വീസ് ബസുകള്‍ ഉള്‍പ്പെടെ നിത്യേന നൂറ് കണക്കിന് വാഹനങ്ങള്‍ ഈ സംസ്ഥാന പാത വഴി കടന്ന് പോകുന്നുണ്ട്. എന്നാല്‍ പാത അപകട രഹിതമാക്കി സുരക്ഷിത യാത്രയൊരുക്കാന്‍ ബന്ധപ്പെട്ട വകുപ്പധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആറോളം ഹെയര്‍പിന്‍ വളവുകളും ചെങ്കുത്തായ കയറ്റങ്ങളുമാണ് പാതയിലുള്ളത്. ഇവയെല്ലാം അപകടം പതിയിരിക്കുന്നവയാണ്. റോഡിന്റെ പലയിടങ്ങളിലും സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുത്തനെയുള്ള ഇറക്കത്തിലും വളവുകളിലുമാണ് ഇവിടെയുണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചും ഇതുവഴി നിരവധി വാഹനങ്ങള്‍ വരുന്നുണ്ട്. ഇത്തരത്തിലെത്തുന്ന പ്രദേശവാസികളല്ലാത്തവര്‍ക്ക് റോഡില്‍ കുത്തനെയുള്ള കയറ്റിറക്കങ്ങളെയും കൊടുംവളവുകളെയും കുറിച്ചൊന്നും ധാരണയുണ്ടാകില്ല. ഇറക്കത്തിലും വളവുകളിലുമാണെങ്കില്‍ പോലും ആവശ്യമായ ഗിയര്‍ പ്രയോഗിക്കുന്നതിന് പലരും തയ്യാറാകുന്നില്ല. കുത്തനെയുള്ള ഇറക്കത്തില്‍ പോലും പലരും അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത്. ഇതും ഇവിടെ അപകടം വര്‍ദ്ധിക്കാന്‍ ഇടയാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
നേരത്തെ കെ.എസ്.ആര്‍.ടി.സി ബസുകളുള്‍പ്പെടെ നിരവധി തവണ ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. കിലോമീറ്ററുകളോളം ദൂരത്തില്‍ റോഡിന്റെ ഒരു വശം അഗാധമായ കൊക്കയും ചെങ്കുത്തായ പാറക്കെട്ടുമാണ്. പലപ്പോഴും അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ സമീപത്തെ തിട്ടയിലോ മരങ്ങളിലോ തട്ടി നില്‍ക്കുന്നത് കൊണ്ടാണ് വന്‍ ദുരന്തങ്ങള്‍ ഒഴിവാകുന്നത്. കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ റോഡരികിലുണ്ടായിരുന്ന വീടിന്റെ മതിലും തകര്‍ത്ത് വീട്ടുമുറ്റത്തേക്കാണ് വാഹനം പതിച്ചത്. ഇവിടെയുണ്ടാകുന്ന അപകടങ്ങളില്‍ രാക്ഷാപ്രവര്‍ത്തനവും ഏറെ ദുഷ്‌കരമാണ്. 25 കിലോമീറ്ററോളം ദൂരെ തൊടുപുഴയില്‍ നിന്നുള്‍പ്പെടെ അഗ്നിരക്ഷാസേനയാണ് ഇവിടെ പലപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. അപകടത്തില്‍പ്പെടുന്നവരോ വാഹനങ്ങളോ കൊക്കയിലേക്ക് പതിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വൈകും. ജനവാസ മേഖലയിലാണെങ്കില്‍ നാട്ടുകാരാണ് പലപ്പോഴും ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പധികൃതര്‍ അടക്കമുള്ളവരോട് നാട്ടുകാര്‍ നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നുമായില്ല. മുണ്ടന്‍മുടി എസ് വളവില്‍ ക്രാഷ് ബാരിയര്‍ വാഹനം ഇടിച്ച് തകര്‍ന്നിട്ട് നാളുകളായെങ്കിലും ഇത് നിവര്‍ത്താനുള്ള നടപടികള്‍ ഒന്നും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ഈ റൂട്ടില്‍ വാഹനാപകടം പതിവായതോടെ കഞ്ഞിക്കുഴി എസ്.എന്‍ എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വളവുകളില്‍ സുരക്ഷാ കണ്ണാടികള്‍ സ്ഥാപിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനാപകടം കുറയ്ക്കാന്‍ അടിയന്തരമായി മുന്നറിയിപ്പു സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.