കണ്ണും മനസ്സും നിറഞ്ഞു സഞ്ചാരികൾ.

മൂന്നാർ : “വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളിൽ,
വാടകയ്ക്കൊരു മുറിയെടുത്തു വടക്കൻ തെന്നൽ ” ബിച്ചു തിരുമലയുടെ ഈ വരികൾ ഒരിക്കലെങ്കിലും മൂളിപ്പാടാത്ത മലയാളികൾ കുറവാണ്. ഇപ്പോൾ മൂന്നാർ സന്ദർശിക്കാൻ എത്തുന്ന സഞ്ചാരികളും ഈ പാട്ട് മൂളി പോകും. അത്തരത്തിലാണ് ദേശീയപാതയോരത്ത് കണ്ണിനും മനസ്സിനും കുളിർമയേകി വയലറ്റ് വർണ്ണങ്ങൾ വാരിവിതറി ജക്രാന്താ മരങ്ങൾ പൂവിട്ടു നിൽക്കുന്നത്. ജക്രാന്ത എന്ന മനോഹരമായ പേരുണ്ടെങ്കിലും നീല വാക എന്ന പേരാണ് സുപരിചിതം. ദേശീയപാതയിൽ പള്ളിവാസൽ മുതൽ മൂന്നാർ വരെയും മൂന്നാർ ഗ്യാപ് റോഡിലും മറയൂർ റോഡിലെ വാഗുവാരയിലും നിരവധി മരങ്ങളാണ് പച്ചവിരിച്ച തേയിലത്തോട്ടങ്ങൾക്ക് നടുവിൽ പൂത്തുലഞ്ഞു നിൽക്കുന്നത്. കാലാവസ്ഥയെ ആശ്രയിച്ച് പലപ്പോഴും ഈ പൂക്കൾ എട്ട് ആഴ്ച വരെ മരത്തിൽ നിലനിൽക്കും. ഇതിനുശേഷം നിലത്തേക്ക് പൊഴിയുന്ന പുഷ്പങ്ങൾ വയലറ്റ് പരവതാനി വിരിക്കുന്നതും സഞ്ചാരികൾക്ക് പുത്തൻ അനുഭവമാണ്. പരീക്ഷാക്കാലത്ത് പൂവിടുന്നത് കൊണ്ട് പരീക്ഷ മരമെന്നും വിളിപ്പേര് ഇതിനുണ്ട്.

ദക്ഷിണ അമേരിക്കയിലാണ് ഈ പൂവിന്റെ ഉദ്ഭവം. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് മൂന്നാറിൽ തേയിലക്കൃഷിക്കെത്തിയ ബ്രിട്ടീഷുകാരാണ് തേയിലകൾക്കിടയിലും പാതയോരങ്ങളിലും സ്വന്തം നാട്ടിൽ നിന്നെത്തിച്ച ജക്രാന്ത മരങ്ങൾവച്ചുപിടിപ്പിച്ചത്.

തണലിനും അലങ്കാരത്തിനുമായി വച്ചുപിടിപ്പിച്ച ഇവ സംരക്ഷണമില്ലാത്തതിനാൽ ഭൂരിഭാഗവും നശിച്ചു പോയി. മൂന്നാർ മറയൂർ റോഡിലാണ് നിലവിൽ ഏറ്റവുമധികം മരങ്ങൾ അവശേഷിക്കുന്നത്. ഡിസംബറിൽ ഇലകൾ പൊഴിയുന്ന മരങ്ങളിൽ മാർച്ച് മാസത്തിൽ പൂവിടാൻ തുടങ്ങും. ഏപ്രിൽ അവസാനം വരെ പൂക്കൾ നിലനിൽക്കും. മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾക്ക് പാതയോരങ്ങളിൽ പൂത്തു നിൽക്കുന്ന വയലറ്റ് വസന്തത്തിന്റെ കാഴ്‌ച ഏറെ ഹൃദ്യമാണ്.