
തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ഒരു സംഘം ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘര്‍ഷവും അസഭ്യം വിളിയും പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. ബസ് സമയ ക്രമത്തിന്റെ പേരിലും മറ്റും പ്രധാന റൂട്ടുകളില്‍ ഉണ്ടാകുന്ന ചെറിയ കശപിശയുടെ സമാപനം ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോഴാണ് തീര്‍ക്കുന്നത്. ബസുകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തുന്ന ഉടന്‍ ഇരു ബസുകളിലെ ജീവനക്കാര്‍ പരസ്പരം അസഭ്യ വര്‍ഷവും പോര്‍ വിളിയും ഉന്തും തള്ളും ഉണ്ടാക്കുന്നത് പതിവാകുന്നതായാണ് പരാതി. ഇത് യാത്രക്കാര്‍ക്കും പ്രത്യകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വല്ലാത്ത അരോചകവും ഭീതിയും ആയി മാറുന്നുണ്ട്. നിസ്സാരമായ കാര്യങ്ങളുടെ പേരിലാണ് ചുരുക്കം ചില ബസുകളിലെ ജീവനക്കാര്‍ സ്റ്റാന്‍ഡില്‍ എത്തി ഗുണ്ടാ വിളയാട്ടം നടത്തുന്നത്. നേരത്തെ ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാരും ഉടമകളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇടവെട്ടി സ്വദേശിയായ ഡ്രൈവര്‍ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കുറച്ചു നാള്‍ സ്റ്റാന്‍ഡില്‍ സംഘര്‍ഷം കുറവായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇതിനു ശേഷം വീണ്ടും ബസ് ജീവനക്കാരുടെ വഴക്കും അസഭ്യവര്‍ഷവും വര്‍ധിച്ചതായാണ് പരാതി. സംഘര്‍ഷം കൂടുതലായി ഉണ്ടാകുന്നത് മൂലമറ്റം, മൂവാറ്റുപുഴ റൂട്ടുകളിലെ ബസ് ജീവനക്കാര്‍ തമ്മിലാണ്. രണ്ടാഴ്ച മുന്‍പ് മൂലമറ്റം റൂട്ടിലെ രണ്ട് ബസുകളിലെ ജീവനക്കാര്‍ ബസ് സ്റ്റാന്‍ഡില്‍ ഏറ്റുമുട്ടി ഒരു ജീവനക്കാരന്‍ മറ്റൊരു ജീവനക്കാരന്റെ കൈ കടിച്ചു മുറിച്ച സംഭവം ഉണ്ടായി.
ചില രാഷ്ട്രീയ സംഘടനകളുടെ പിന്‍ബലത്തിലാണ് ഏതാനും ജീവനക്കാര്‍ അതിക്രമം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. സ്റ്റാന്‍ഡില്‍ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ മുന്നിലാണ് ജീവനക്കാരുടെ പോര്‍വിളിയും വഴക്കും അസഭ്യവര്‍ഷവും നടക്കുന്നത്. എന്നാല്‍ പൊലീസുകാരാകട്ടെ ഇതൊന്നും കാണാത്ത മട്ടില്‍ ഇരിക്കുന്നതാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നതെന്നാണ് ആക്ഷേപം.
അതേ സമയം സംഘര്‍ഷം ഉണ്ടാകുന്ന അവസരത്തില്‍ വിളിച്ച് അറിയിച്ചാലും പൊലീസ് എത്താറില്ലെന്നും പരാതിയുണ്ട്. നൂറു കണക്കിനു ബസുകളും ആയിരക്കണക്കിനു യാത്രക്കാരും എത്തുന്ന തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് കര്‍ശന ഇടപെടല്‍ നടത്തണമെന്നാണ് യാത്രക്കാരുടെയും ഒരു വിഭാഗം ബസ് ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം. ബസ് ജീവനക്കാരായി എത്തുന്ന ചിലര്‍ മദ്യപിച്ച ശേഷം ജോലി ചെയ്യുന്നുണ്ടെന്നും ആക്ഷേപമുണ്ട്. നേരത്തെ രാവിലെ തന്നെ പൊലീസ് സ്വകാര്യ ബസുകളിലെയും കെ.എസ്.ആര്‍.ടി.സി ബസുകളിലെയും ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അത്തരം നടപടികളില്ല.