മൂന്നാർ : ഏറെ വിവാദങ്ങളോട് ആണ് കെഎസ്ആർടിസി ഡബിൾ ഡെക്കറ ബസ് മൂന്നാറിലെത്തിയത്.
തങ്ങളുടെ ഉപജീവനമാർഗ്ഗം തകർക്കുന്നു എന്ന് ആരോപിച്ച് ടാക്സി യൂണിയൻ തൊഴിലാളികൾ നടത്തിയ സമരവും ഇതിനുശേഷം മോട്ടോർ വാഹന വകുപ്പ് പ്രതികാര നടപടി എന്നോണം നടത്തിയ പിഴ ഈടാക്കലും എല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു.
“പകൽ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. അതിനാൽ തന്നെ നിങ്ങൾ ഈ പറഞ്ഞതുപോലുള്ള ബുദ്ധിമുട്ടുകൾ ഒന്നുമില്ല. ഹെഡ് ലൈറ്റ് പോലും ഉപയോഗിക്കാതെ വേണമെങ്കിലും സർവീസ് നടത്തും. അലങ്കാര ലൈറ്റുകൾ ഒന്നും കെഎസ്ആർടിസി ഡബിൾ ഡെക്കറുടെ ആവശ്യമില്ല. ” മൂന്നാറിലെ റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൻ്റെ ഉദ്ഘാടന വേളയിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രഖ്യാപനം ഇതായിരുന്നു. എന്നാൽ അതിന് ദിവസങ്ങളുടെ മാത്രം ആയുസ്സ് ആണ് ഉണ്ടായത്.
മൂന്നാർ ഗ്യാപ്പ് റോഡിലൂടെ വാഹനത്തിലെ ലൈറ്റുകൾ അത്രയും തെളിച്ച് വാഹനം കടന്നുപോകുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മന്ത്രിയുടെ നിർദ്ദേശങ്ങൾ ലംഘിച്ച് വഹനം സർവ്വീസ് നടത്തിയത്. വാഹനത്തിലെ ലൈറ്റ് സംവിധാനങ്ങൾക്കെതിരെ ഹൈകോടതിയും വിമർശനം ഉന്നയിച്ചിരുന്നു. വാഹനത്തിലെ അലങ്കാര ലൈറ്റുകൾ മാനദണ്ഡങ്ങൾ പാലിക്കാതെയെന്നായിരുന്നു കോടതി നിരീക്ഷണം. പൂർണ്ണമായും സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതാണ് കെ.എസ്.ടി.സി ഡബിൾ ഡക്കറിലെ ലൈറ്റ് സംവിധാനങ്ങളെന്നും കോടതി പറഞ്ഞിരുന്നു.ഈ വിമർശനങ്ങൾ നിലനിൽക്കെയാണ് അലങ്കാര ലൈറ്റുകൾ തെളിച്ചുള്ള ബസിൻ്റെ യാത്ര. ഇതിനിടെ റോയൽ വ്യൂ ബസിൻ്റെ സർവ്വീസിനെതിരെ പ്രതിഷേധിച്ചുന്ന കാരണത്താൽ മൂന്നാറിലെ ടാക്സി വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പിൻ്റെ പ്രതികാര നടപടി തുടരുകയാണ്. നിയമലംഘനങ്ങൾ നടത്തിയതിന് 8 ലക്ഷത്തിലധികം രൂപ പിഴയിനത്തിൽ ലഭിച്ചു.മോട്ടോർ വാഹന വകുപ്പ് മൂന്നാറിൽ കടുത്ത നിയന്ത്രണങ്ങളുമായി പോകുമ്പോഴാണ് മാനദണ്ഡങ്ങൾ അത്രയും ലംഘിച്ചുള്ള റോയൽ വ്യൂ ബസ്സിന്റെ സർവീസ്.




