തൊടുപുഴ: വീട്ടമ്മയുടെ കണ്ണില്‍ മുളക്‌പൊടി എറിഞ്ഞ ശേഷം രണ്ടു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ട് യുവാക്കള്‍ തൊടുപുഴ പോലീസിന്റെ പിടിയിലായി. തൃശൂര്‍ വെള്ളാങ്കല്ലൂര്‍ വിളയനാട്ട് ആലപ്പാടന്‍ വീട്ടില്‍ അലന്‍ (19), തൊടുപുഴ മണക്കാട് തൊട്ടിയില്‍ ആനന്ദ് ബിജു(18)എന്നിവരാണ് പിടിയിലായത്. ആലപ്പുഴ മാന്നാറില്‍ അലന്റെ ഭാര്യവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടി കൂടിയത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മണക്കാട് ചെറുകാട്ടുപാറയ്ക്കു സമീപം തോട്ടില്‍ കുളിക്കാനെത്തിയ വീട്ടമ്മയുടെ മാലയാണ് പ്രതികള്‍ ഇവരുടെ കണ്ണില്‍ മുഖുപൊടിയെറിഞ്ഞ ശേഷം  പൊട്ടിച്ചെടുത്തു കടന്നു കളഞ്ഞത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ വീട്ടമ്മ ഭര്‍തൃമാതാവിനും കുട്ടിയോടുമൊപ്പമാണ് തോട്ടില്‍ തുണിയലക്കാനും കുളിക്കാനുമായി പോയത്. ഭര്‍തൃമാതാവും കുട്ടിയും പോയതോടെ ഇവര്‍ തനിച്ചായ സമയത്താണ് ഒരാളെത്തി മാല പൊട്ടിച്ച് രക്ഷപെട്ടത്. പിന്നീട് പ്രതികള്‍ സ്‌കൂട്ടറില്‍ പ്രദേശത്തു നിന്നും കടന്നു കളയുകയായിരുന്നു. മോഷണം നടത്തുന്നതിനായി രണ്ടു ദിവസമായി പ്രതികള്‍ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ പോലീസിന് ആദ്യഘട്ടത്തില്‍ മോഷ്ടാക്കളെ കുറിച്ച് വിവരം ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മേഖലയില്‍ നിന്നും കടന്നയാളുകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കൂടാതെ പെട്രോള്‍ പമ്പില്‍ നിന്നും ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ കുറിച്ചും വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ  അന്വേഷണത്തിലാണ് മാന്നാറില്‍ നിന്നും ഇവര്‍ പിടിയിലായത്. മോഷണം ആസൂത്രണം ചെയ്ത അലന്‍ പോക്സോ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇന്നലെ മോഷണം നടത്തിയ സ്ഥലത്തും മാന്നാറിലുമെത്തിച്ച് തെളിവെടുത്തു. അപഹരിച്ച സ്വര്‍ണമാലയും കണ്ടെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും. തൊടുപുഴ സി.ഐ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എന്‍.എസ് റോയി, ഗ്രേഡ് എസ്.ഐ അജി, എസ്.സി.പി.ഒ രാജേഷ്, സി.പി.ഒമാരായ സനൂപ്, മുജീബ്, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here