തൊടുപുഴ: ജില്ലയിലെ സംരംഭകര്‍ക്ക് ആത്മവിശ്വാസമേകി സംസ്ഥാന സര്‍ക്കാര്‍. 2022 – 23 മുതല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയാണ് ജില്ലയിലെ സംരംഭകര്‍ക്ക് തണലാകുന്നത്. നാടിന്റെ സമഗ്രമായ കുതിപ്പിന് ഊര്‍ജമേകി ജില്ലയില്‍ നിരവധി പുതിയ സംരംഭങ്ങളാണ് തുടങ്ങുന്നതും നിലനില്‍ക്കുന്നതും. മൂന്ന് വര്‍ഷത്തിനിടയില്‍ ജില്ലയില്‍ 10,979 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് അധികൃതര്‍ പറഞ്ഞു. 707.3 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്. 22,589 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 2022 – 23 ല്‍ 4093 സംരംഭങ്ങള്‍ തുടങ്ങി. ഇതില്‍ 4074 സൂക്ഷ്മ സംരംഭങ്ങളാണ്. 18 ചെറുകിട, ഒരു ഇടത്തരം സംരംഭങ്ങളുംമുണ്ട്. 2023-24ല്‍ 3389 സംരംഭങ്ങള്‍ തുടങ്ങി. 3375ഉം സൂക്ഷ്മ സംരംഭങ്ങളാണ്.
സംരംഭകര്‍ക്ക് പ്രോത്സാഹനവും സഹായവും
സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും എല്ലാത്തരം സംഭരംഭകര്‍ക്കുമുള്ള സഹായങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്യുന്നതിനായിരുന്നു സംരംഭക വര്‍ഷം പദ്ധതിക്ക് രൂപംനല്‍കിയത്. നവസംരംഭകര്‍, സ്ത്രീകള്‍, ദുര്‍ബല വിഭാഗങ്ങള്‍. എന്‍.ആര്‍.കെ നിക്ഷേപകര്‍, വിമുക്ത ഭടന്മാര്‍ എന്നിവരെ പ്രോത്സാഹിപ്പിച്ച് എം.എസ്.എം.ഇ (സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) മേഖലയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ജില്ലയില്‍ ആകെ 13,601 സംരംഭങ്ങളുണ്ട്. കൂടുതലും സൂക്ഷ്മ സംരംഭങ്ങളാണ്. 13,431 എണ്ണം. 154 ചെറുകിട, 14 ഇടത്തരം, രണ്ട് വന്‍കിട സംരംഭങ്ങളുമുണ്ട്. ആകെ 25,650 സ്ത്രീകള്‍ക്കും 13379 പുരുഷന്‍മാര്‍ക്കും തൊഴില്‍ ലഭിച്ചു.
എന്തും സംരംഭമാക്കാം
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി വൈവിധ്യ ആശയങ്ങളാണ് സംരംഭങ്ങളായി മാറിയത്. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ജാമുകള്‍, അച്ചാറുകള്‍, സുഗന്ധ വ്യഞ്ജനങ്ങളുടെ സംസ്‌കരണവും മൂല്യവര്‍ധനവും തുടങ്ങിയ മേഖലകളില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. ഇടുക്കിയിലെ പാരിസ്ഥിതിക സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വാഹന അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടുന്നു. ജനറല്‍ എന്‍ജിനിയറിങ് ആന്‍ഡ് പ്രിസിഷന്‍ എന്‍ജിനിയറിങ് വിഭാഗത്തിലുമുണ്ട് ഒരുപിടി സംരംഭങ്ങള്‍. വസ്ത്രങ്ങള്‍, തയ്യല്‍, ബൊട്ടീക്, അപ്പാരല്‍ ഡിസൈനിങ് എന്നിവ വനിതകള്‍ക്ക് ആത്മവിശ്വാസമേകുന്നു. സംരംഭകത്വ വര്‍ഷത്തിന്റെ ഫലമായി ജില്ല വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയും സമ്പദ്വ്യവസ്ഥക്ക് വലിയ സംഭാവന നല്‍കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
സഹായിക്കാന്‍ സംരംഭക സഭകളും
സംരംഭം ആരംഭിച്ചവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍വേ നടക്കുന്നുണ്ട്. പൂര്‍ത്തിയായ ശേഷം അവ പരിഹരിക്കാനുള്ള നയം രൂപീകരിക്കും. സംരംഭകര്‍ക്കും പുതിയതായി മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി സംരംഭകത്വ വികസന പരിശീലനവും നല്‍കുന്നുണ്ട്. പുതിയ സംരംഭകരെ സഹായിക്കാന്‍ സംരംഭക സഭകളും നടന്നുവരുന്നുണ്ട്.


