മൂലമറ്റം: അതിക്രൂരമായി കൊലപാതകം നടത്തിയ ശേഷം മൃതദേഹം ജനവാസമേഖലയോട് ചേര്‍ന്ന് ഒളിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് മൂലമറ്റം നിവാസികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മൂലമറ്റവും പരിസരങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന അധോലോക –
അക്രമ – മോഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ഇതില്‍ പലതും പോലീസിന് മുന്നിലെത്തുകയോ കേസിലേക്കോ അറസ്റ്റിലേക്കോ എത്തുകയോ ചെയ്യാറില്ലെന്ന് മാത്രം. ഏറെ നാളായി പൊറുതി മുട്ടിയ തങ്ങള്‍ ഭയപ്പെടുന്നത് സംഭവിക്കുന്നുവെന്ന രീതിയിലാണ് ഒട്ടുമിക്കയാളുകളുടേയും പ്രതികരണം. ക്രിമിനല്‍ സംഘങ്ങളെ ഭയന്ന് പരസ്യ പ്രതികരണത്തിനോ പരാതി നല്‍കാനോ പോലും ഭൂരിഭാഗം ആളുകളും തയ്യാറല്ല.
വിശാലമായ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ സംഘം താവളമാക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ് ക്രൂരകൊലപാതകത്തിന് ശേഷം പായയില്‍ പൊതിഞ്ഞ മൃതദേഹം മൂലമറ്റത്ത് ഉപേക്ഷിച്ചതും കേസുമായി ബന്ധപ്പെട്ട് അറക്കുളം പഞ്ചായത്തില്‍ നിന്ന് മാത്രം എട്ടോളം യുവാക്കള്‍ പ്രതിപ്പട്ടികയില്‍ വന്നതും. ഈ പ്രതികളില്‍ പലരും സ്ഥിരമായി തമ്പടിക്കുന്ന ഒന്നിലധികം ഇടങ്ങള്‍ മൂലമറ്റത്തുണ്ട്. ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവും എം.ഡി.എം.എയും മദ്യവും ഉള്‍പ്പെടെ ലഹരി വസ്ഥുക്കളുടെ ഉപയോഗവും തുടര്‍ന്നുള്ള തര്‍ക്കങ്ങളും ബഹളവും പതിവാണ്. അതിക്രമങ്ങള്‍ക്കെതിരെ ചെറുതായി പോലും പ്രതികരിച്ചാല്‍ ക്രൂരമര്‍ദ്ദനവും കടുത്ത അസഭ്യം വിളിയുമായിരിക്കും തിരികെ ലഭിക്കുന്നത്. ജോലി ആവശ്യത്തിനും മറ്റും വാഹനങ്ങളുമായി മൂലമറ്റത്ത് കൂടി സ്ഥിരമായി സഞ്ചരിക്കുന്ന പലരും ഈ ഗുണ്ടകളുടെ അതിക്രമത്തിനിരയാകുന്നത് പതിവാണ്. വാഹനത്തിന് വശം കൊടുക്കാതിരിക്കുകയോ അമിത വേഗത ചോദ്യം ചെയ്യുകയോ ചെയ്താല്‍ പോലും അക്രമിക്കപ്പെടും എന്നതാണ് സ്ഥിതി.
മലയോര – ഗ്രാമീണ മേഖലയായ മൂലമറ്റത്തും പരിസരങ്ങളിലും രാപകല്‍ വ്യത്യാസമില്ലാതെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമാണ്. ഉത്സവ പറമ്പുകള്‍, പള്ളിപ്പെരുന്നാള്‍ എന്നിങ്ങനെ ആള്‍ക്കൂട്ടങ്ങളെത്തുന്ന സ്ഥലങ്ങളിലെല്ലാം ഈ ക്രിമിനല്‍ സംഘങ്ങളും സജീവമായിരിക്കും. ഇപ്പോഴത്തെ കൊലപാതക കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ദിവസം അറക്കുളത്ത് ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെ വന്‍ അക്രമം അഴിച്ച് വിട്ടിരുന്നു. ഇവരില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ ചിലര്‍ രക്തമൊലിപ്പിച്ചാണ് സ്ഥലത്ത് നിന്നും ജീവനുംകൊണ്ട് രക്ഷപെട്ടത്. ഇതേ അക്രമി സംഘം ഒരേ സ്ഥലത്ത് തന്നെ പതിവായി അക്രമം നടത്തിയിട്ടും ഇവരുടെ സാന്നിദ്ധ്യം ഒഴിവാക്കാനോ അക്രമം തടയാനാകാത്തതോ എന്തുകൊണ്ടാണെന്നും നാട്ടുകാര്‍ ചോദിക്കുന്നുണ്ട്.
കാപ്പ കേസില്‍ ഉള്‍പ്പെട്ട അര ഡസനോളം പ്രതികള്‍ അറക്കുളം പഞ്ചായത്തില്‍ തന്നെയുണ്ട്. ഇവരില്‍ പലരും പകല്‍ സമയങ്ങളില്‍ പലവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എന്നാല്‍ ഇവരുടെ നീക്കങ്ങള്‍ ഇടപാടുകളും കൃത്യമായി നിരീക്ഷിക്കാന്‍ പോലീസിനും സാധിച്ചിരുന്നില്ലെന്നതാണ് യാതാര്‍ത്ഥ്യം. നിലവില്‍ മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പും ഇത്തരം സംഘത്തിന്റെ കേന്ദ്രമായിരുന്നു. ഇവര്‍ തമ്മിലുളള തര്‍ക്കവും ഏറ്റമുട്ടലുകളും നടന്നിരുന്നു. ഇതില്‍ ഒരു യുവാവിന്റെ മൃതദേഹം സമീപത്തെ മരത്തില്‍ തൂങ്ങി അഴുകി ദ്രവിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ വേണ്ട രീതിയില്‍ അന്വേഷണം നടക്കുകയോ കൂട്ടാളികളെ പോലും ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. മൂലമറ്റം ടൗണിന് സമീപം തന്നെയാണെങ്കിലും പൊതുജനങ്ങളുടെ ശ്രദ്ധ പെട്ടന്ന് പതിയില്ലാത്ത സ്ഥലത്തെ കുറിച്ച് വ്യക്തമായ ധാരണ പ്രതികള്‍ക്കുള്ളതാണ് ഇവിടെ തന്നെ മൃതദേഹം ഉപേക്ഷിക്കാന്‍ തിരഞ്ഞെടുത്തതിന് പിന്നിലെന്നാണ് സൂചന.
നിലവില്‍ പോലീസ് പിടിയിലാവര്‍ക്ക് പുറമേ ഇവരുടെ കൂട്ടാളികളും അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന മറ്റ് ചിലരും ഇപ്പോഴും മൂലമറ്റത്ത് സൈ്വര്യ വിഹാരം നടത്തുന്നുണ്ട്. ഇവരില്‍ പലരും മോഷണം, അടിപിടി, വീട് കയറി അക്രമണം, മണ്ണ് കടത്തല്‍ തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി നിയന്ത്രിച്ചില്ലെങ്കില്‍ വരും നാളുകളിലും അക്രമങ്ങള്‍ തുടര്‍ക്കഥയാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.



