തൊടുപുഴ: കാലപ്പഴക്കത്തെ തുടര്‍ന്ന് ഇടിഞ്ഞ് വീഴാറായ ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍. സംസ്ഥാനത്ത് വാസയോഗ്യമല്ലാത്ത 2110 ലയങ്ങളിലായി 31412 കുടുംബങ്ങളാണ് കഴിയുന്നത്. തോട്ടങ്ങളിലെ ഭൂരിഭാഗം ലയങ്ങളും ദിവസം ചെല്ലുന്തോറും മോശമായി എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. ലയങ്ങളുടെ നവീകരിണത്തിനായി 20 കോടി രൂപ അനുവദിച്ചെങ്കിലും ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചത് 33.7 ലക്ഷം രൂപയ്ക്ക് മാത്രമാണ്. എന്നാല്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഈ ഫണ്ട് പോലും വിനിയോഗിക്കാന്‍ നടപടിയായിട്ടില്ല.
2017ലെ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന് അധികൃതര്‍
സംസ്ഥാനത്ത് വാസയോഗ്യമല്ലാത്ത ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന യാതനയെക്കുറിച്ച് ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മിഷന്‍ 2017 ജനുവരിയില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജീര്‍ണാവസ്ഥയിലായ ലയങ്ങള്‍ ഉടന്‍ നവീകരിക്കുകയോ, തൊഴിലാളികള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുകയോ ചെയ്യണമെന്നായിരുന്നു കമ്മീഷന്റെ നിര്‍ദേശം. ഈ നിര്‍ദേശം അംഗീകരിക്കുകയും 2020-ലെ പ്ലാന്റേഷന്‍ നയത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ ആവര്‍ത്തിക്കുകയും ചെയ്തു. സര്‍ക്കാരും, ഉടമകളും തുല്യമായി നിര്‍മാണച്ചെലവ് വഹിക്കണം എന്നായിരുന്നു ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച ഫോര്‍മുല. എന്നാല്‍ ഭൂമി വിട്ടുനല്‍കാന്‍ പോലും ഭൂരിഭാഗം ഉടമകളും വിസമ്മതിച്ചതോടെ തീരുമാനം പാളി. സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയായ ലൈഫില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാനായിരുന്നു പിന്നീടുള്ള ശ്രമം. 31412 ഗുണഭോക്താക്കളുടെ അന്തിമപട്ടിക സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഭൂമി കണ്ടെത്താന്‍ കഴിയാതെവന്നതോടെ തീരുമാനങ്ങളെല്ലാം പരാജയപ്പെട്ടു.
വകുപ്പുകളുടെ ഏകോപനമില്ലായ്മയില്‍ സര്‍ക്കാര്‍ പ്രഖ്യാപനവും പാഴായി
തോട്ടം ഉടമകളുടെ സഹകരണം കിട്ടാതായതിനെ തുടര്‍ന്നാണ് ലയങ്ങള്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ രണ്ടുഘട്ടമായി 20 കോടി രൂപ ബജറ്റില്‍ അനുവദിച്ചത്. 2022-23-ല്‍ 10 കോടിയും, 2023 – 24-ല്‍ 10 കോടിയുമാണ് അനുവദിച്ചത്. എന്നാല്‍, തൊഴില്‍ – ധനവകുപ്പുകളും, പ്ലാന്റേഷന്‍ ഡയറക്ടറേറ്റും തമ്മില്‍ ഏകോപനം ഇല്ലാതെ വന്നതോടെ ഫണ്ടിന് അംഗീകാരം ലഭിക്കുന്നത് പ്രശ്നമായി. ഒടുവില്‍ പീരുമേട് താലുക്കില്‍ പൂട്ടിക്കിടക്കുന്ന നാല് എസ്റ്റേറ്റുകളിലെ ലയങ്ങള്‍ നവീകരിക്കാന്‍ 33.7 ലക്ഷം രൂപയേ ധനവകുപ്പ് അംഗീകരിച്ചുള്ളൂ. വാസയോഗ്യമല്ലാത്ത 583 ലയങ്ങളാണ് ഇവിടെയുള്ളത്. ഈ തുക ഉപയോഗിക്കുന്നതിലും ഇതുവരെ തീരുമാനമായില്ല. രണ്ടുവര്‍ഷം മുന്‍പെടുത്ത എസ്റ്റിമേറ്റ് പ്രകാരം ഇത്രയും ലയങ്ങള്‍ നവീകരിക്കാന്‍ ഇപ്പോള്‍ ഈ തുക മതിയാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ലയങ്ങളുടെ നവീകരണം എന്ന് നടക്കുമെന്ന ചോദ്യത്തിന് മറുപടിയില്ലാത്ത സ്ഥിതിയാണിപ്പോള്‍.
മനുഷ്യരെന്ന പരിഗണന പ്രതീക്ഷിച്ച് തോട്ടം തൊഴിലാളികള്‍
ഭൂരിഭാഗം തോട്ടങ്ങളിലെയും ലയങ്ങളുടെ അവസ്ഥ അതി ദയനീയമാണ്. മലയാളികള്‍ക്ക് പുറമേ ഇതര സംസ്ഥാന തൊഴിലാളികളും ഇത്തരം ലയങ്ങളില്‍ താമസിക്കുന്നുണ്ട്. ഇവരില്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പുറമേ കുട്ടികളുമുണ്ട്. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീണ് ഇവിടങ്ങളിലെ താമസക്കാര്‍ക്ക് ജീവഹാനി വരെ സംഭവിക്കാവുന്ന സാഹചര്യമാണ്. തൊഴിലാളികള്‍ മരിക്കുകയും, പരിക്കേല്‍ക്കുകയും ചെയ്ത സംഭവങ്ങളുമുണ്ട്. തങ്ങളും മനുഷ്യരാണെന്ന പരിഗണനയാണ് അധികൃതരില്‍ നിന്നും പാവങ്ങളായ തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്.



