ദേശിയ യൂത്ത് ബാസ്‌കറ്റ്‌ബോള്‍: അഭിമാനമായി ഇടുക്കിക്കാര്‍

തൊടുപുഴ: വെസ്റ്റ് ബംഗാളിലെ കൊല്‍ക്കത്തയില്‍ നടക്കുന്ന 39-മത് ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള പുരുഷ ടീമില്‍ ഇടുക്കിയുടെ നൈജല്‍ ജേക്കബും ആല്‍ബര്‍ട്ട് റെജിയും ഇടം പിടിച്ചു. വാഴക്കുളം കാര്‍മല്‍ സി എം ഐ പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ സ്ഥാനം കരസ്ഥമാക്കിയത്. ഇരുവരുടെയും ഈ നേട്ടത്തിന് ഇരട്ടിമധുരമായി ഇരുവരുടെയും പരിശീലകനും ഫിബ അന്താരാഷ്ട്ര കമ്മിഷണറുമായ ഡോ: പ്രിന്‍സ് കെ മറ്റം കേരള പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി ടീമിനൊപ്പമുണ്ട്. കൂടാതെ ടീം മാനേജരായി ഇടുക്കിയുടെ മുന്‍ സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ ടീമംഗം നിഖില്‍ തോമസ് സംസ്ഥാന ടീമിനെ അനുഗമിക്കുന്നു. രാജസ്ഥാന്‍, തെലങ്കാന, മധ്യ പ്രദേശ് , തമിഴ്‌നാട് എന്നിവരടങ്ങിയ അ പൂളിലാണ് കേരളം മത്സരിക്കുന്നത്.
വാഴക്കുളം കാര്‍മല്‍ സി എം ഐ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നൈജലും ആല്‍ബര്‍ട്ടും 21 ദിവസത്തെ സംസ്ഥാന പരിശീലന ക്യാമ്പിന് ശേഷമാണ് ദേശീയ ചാമ്പ്യന്‍ഷിപ്പിന് യാത്ര തിരിയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷവും സംസ്ഥാന യൂത്ത് ടീമില്‍ കളിച്ച നൈജല്‍ ജേക്കബ് വാഴക്കുളം നമ്പ്യാപറമ്പില്‍ വടക്കേക്കര ജേക്കബ് ജോസഫ് – ടീനമോള്‍ ജോസ് ദമ്പതികളുടെ മൂത്തമകനാണ്.
വാഴക്കുളം കുന്നേല്‍ റെജി തോമസ് – ബിന്ദു റെജി ദമ്പതികളുടെ ഇളയ മകനായ ആല്‍ബര്‍ട്ടിന് സംസ്ഥാന ടീമില്‍ ഇത് കന്നി ഊഴമാണ് .
സംസ്ഥാന പരിശീലകനായി നിയമിതനായ തൊടുപുഴ സ്വദേശിയായ ഡോ: പ്രിന്‍സ് കെ മറ്റം സംസ്ഥാന ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാണ്. മുട്ടം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറായ ഡോ: പ്രിന്‍സ് ഫിബ കമ്മീഷണര്‍ എന്ന നിലയില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളടക്കം അനേകം അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്.
ടീം മാനേജരായ മുട്ടം മനഃപ്പറമ്പില്‍ നിഖില്‍ തോമസ് കേരളത്തെ പ്രതിനിധീകരിച്ച് അനേകം ചാമ്പ്യന്‍ഷിപ്പുകളില്‍ മാറ്റുരച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here