സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനം സമാപിച്ചു

സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനം സമാപിച്ചു

അമ്പലപ്പുഴ:
കള്ളക്കടല്‍ പ്രതിഭാസവും കടലാക്രമണവുംമൂലം ദുരിതം അനുഭവിക്കുന്ന തീരവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കണമെന്ന് സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആഗോളതാപനവും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍മൂലവും തീരവാസികളുടെ ദുരിതം വര്‍ധിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ പുലിമുട്ട് നിര്‍മിക്കുകയാണ്. എന്നാല്‍ രാജ്യാതിര്‍ത്തിയായ തീരം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. പിആര്‍എസ് വായ്പ നല്‍കാന്‍ നിലവിലെ ബാങ്കുകള്‍ക്ക് പകരം കേരളബാങ്കിനെ നിശ്ചയിക്കുക, രാത്രി 10നുശേഷം മൈക്ക് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഉത്തരവില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. വൈകിട്ട് നടന്ന പ്രകടനത്തിനും ചുവപ്പുസേനാ മാര്‍ച്ചിനുംശേഷം ചേര്‍ന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിച്ചു.
റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, ഏരിയ സെക്രട്ടറി എ ഓമനക്കുട്ടന്‍ എന്നിവര്‍ മറുപടി പറഞ്ഞു. കെ മോഹന്‍കുമാര്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 21 അംഗ ഏരിയ കമ്മിറ്റിയെയും 19 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാന്‍, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, ജി രാജമ്മ, എച്ച് സലാം എംഎല്‍എ, പി പി ചിത്തരഞ്ജന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
വൈകിട്ട് അറവുകാട് ക്ഷേത്രത്തിന് തെക്കുഭാഗത്തെ കണ്ണമ്പള്ളി ജങ്ഷനില്‍നിന്ന് പ്രകടനവും ചുവപ്പുസേനാ മാര്‍ച്ചും ആരംഭിച്ചു. തെയ്യം, തിറ, ബാന്‍ഡ്മേളം, ശിങ്കാരിമേളം എന്നിവ അണിനിരന്നു. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് തെക്കുവശം) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. എച്ച് സലാം എംഎല്‍എ അധ്യക്ഷനായി. എരിയ സെക്രട്ടറി ആര്‍ രാഹുല്‍ സ്വാഗതം പറഞ്ഞു. എ ഓമനക്കുട്ടന്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here