എഡിജിപി എം.ആർ അജിത്ത് കുമാറിനും എസ്പി സുജിത് ദാസിനുമെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. മുൻ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. വിജിലൻസ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയിൽ തുടരാൻ കഴിയില്ല. ഡിജിപി ശുപാർശ നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം. എസ്പി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ മലപ്പുറത്തെ പൊലിസ് ക്വാർട്ടേഴ്സിൽ നിന്നും മുറിച്ച മരം അജിത് കുമാറിനും നൽകിയെന്നാണ് പിവി അൻവറിൻ്റെ ആരോപണം. ഇതോടൊപ്പം ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വർണക്കടത്തുകാരിൽ നിന്ന് സ്വർണം പിടിച്ച് മുക്കി, കവടിയാറിലെ വീട് നിർമ്മാണം അടക്കം ആരോപണത്തിലാണ് ഡിജിപി ഷെയ്ഖ് ദ‍ർവേസ് സാഹിബ് എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. വിജിലൻസ് അന്വേഷണത്തിലൂടെ മറ്റൊരു ഡിജിപി തല അന്വേഷണം കൂടിയാണ് അജിത് കുമാർ നേരിടേണ്ടി വരുന്നത്. മറ്റ് ആരോപണങ്ങളിൽ ഷെയ്ഖ് ദ‍ർവേസ് സാഹിബിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here