
ഇടുക്കി : ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ സംഘടിപ്പിച്ച ഹിൽ ഹൈവേ റൺ ആവേശമായി.
കിഫ്ബിയുടെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ പ്രചാരണാർത്ഥം നടന്ന ഹിൽ ഹൈവേ റൺ കുട്ടിക്കാനം മരിയൻകോളേജ് ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് ഓടിയത്. രാവിലെ 7 ന് ആരംഭിച്ച റണ്ണിൽ നഗ്നപാദനായാണ് മിലന്ദ് സോമൻ ഇത്രയും ദൂരം പിന്നിട്ടത്.
മന്ത്രി റോഷിയും ഹിൽ ഹൈവേ റണ്ണിൽ പങ്കാളിയായി. ചപ്പാത്ത് വരെ ഓടിയ ശേഷം തുറന്ന ജീപ്പില്‍ ഇടുക്കി കവല വരെ മിലിന്ദ് സഞ്ചരിച്ചു. കട്ടപ്പന മിനി മുനിസിപ്പല്‍ സ്റ്റേഡിയം വരെ വീണ്ടും റണ്‍ തുടർന്നു. കട്ടപ്പനയിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും റണ്ണിൽ പങ്കുചേർന്നു.

മുൻ എം എൽ എ കെ. എസ് ബിജി മോൾ, കായിക താരങ്ങൾ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, വനിതാ ബൈക്ക് റൈഡര്‍മാര്‍, സൈക്ലിങ്, സ്കേറ്റിങ് സംഘാംഗങ്ങൾ, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ ഉൾപ്പടെ
ആയിരത്തിലധികം പേരാണ് ഹിൽ ഹൈവേ റണ്ണിൽ പങ്കെടുത്തത്. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ജില്ലയില്‍ കുട്ടിക്കാനം മുതല്‍ പുളിയന്‍മല വരെ 40. 050 കിലോമീറ്ററിലാണ് മലയോര ഹൈവേ. കിഫ്ബിയില്‍ നിന്നും 2017 ല്‍ 203.36 കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് നിര്‍മ്മാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കുട്ടിക്കാനം മുതല്‍ ചാപ്പത്ത് വരെയുള്ള ഭാഗവും തുടര്‍ന്ന്
തൊട്ടടുത്ത 3 ഘട്ടങ്ങളിലായി ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള ഭാഗവും പൂര്‍ത്തീകരിച്ചു. കട്ടപ്പന അമ്പലക്കവല മുതല്‍ പുളിയന്‍മല വരെയുള്ളതാണ് നാലാം ഘട്ടം. ആധുനിക സാങ്കേതിക വിദ്യയോട് കൂടിയ ബിഎംബിസി നിലവാരത്തില്‍ 9 മീറ്റര്‍ വീതിയില്‍ ടാറിങും ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ ഐറിഷ് ഓടയുമായിട്ടാണ് റോഡ് നിര്‍മ്മാണം. റോഡുകളില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ടൈല്‍ വിരിക്കല്‍, ഡ്രൈനേജ് സംവിധാനം, കലുങ്ക് നിര്‍മ്മാണം, സംരക്ഷണഭിത്തി നിര്‍മ്മാണം, റോഡ് മാര്‍ക്കിംഗ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍, ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണം എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

പോലീസ്, മോട്ടോർ വാഹന വകുപ്പ്, സ്പോർട്സ് കൗൺസിൽ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് റൺ സംഘടിപ്പിച്ചത്. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിപാടി.



