തൊടുപുഴ: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.സി. ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണെന്നായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം. സന്നദ്ധസംഘടനയായ എച്ച്.ആര്‍.ഡി.എസ് ഇന്ത്യ സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷിക പരിപാടിയുടെ ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ പിതാവ് മോത്തിലാല്‍ മുസ്ലീമാണെന്ന് എല്ലാവരും പറയുന്നുണ്ട്. ദൈവ വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് വീട്ടിനുള്ളില്‍ അഞ്ച് നേരവും നിസ്‌കരിച്ചിരുന്നയാളാണ് നെഹ്റു. എം.ഒ. മത്തായിയുടെ പുസ്തകം വായിച്ചാല്‍ ഇക്കാര്യം മനസിലാകും. ഭാരതാംബ എന്ന് പറയുമ്പോള്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. സൗകര്യമുള്ളവര്‍ വണങ്ങിയാല്‍ മതി. ശബരിമലയിലേക്ക് തുണിയില്ലാത്ത രണ്ട് പെണ്ണുങ്ങളെയല്ലേ കയറ്റാനാണ് പിണറായി വിജയന്‍ നോക്കിയത്. അതൊക്കെയാണോ ജനാധിപത്യം. അത് തടഞ്ഞതാണ് ഞാനുമായി പ്രശ്നങ്ങള്‍ക്ക് കാരണം. ആചാരങ്ങളും വിശ്വാസങ്ങളും ആ വഴിക്ക് പോട്ടെ. ഇവിടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ പാകിസ്ഥാന്റെ വിക്കറ്റ് പോകുമ്പോള്‍ കരയുകയും ഇന്ത്യയുടെ വിക്കറ്റ് പോകുമ്പോള്‍ കൈയടിക്കുകയും ചെയ്യുന്ന സ്വഭാവം ഇന്ത്യയ്ക്കകത്ത് ചെയ്യുന്നത് തെറ്റാണെന്ന് മുസ്ലീം നേതാക്കള്‍ പറഞ്ഞ് മനസിലാക്കണം. പലയിടങ്ങളിലും ഈ രീതിയുണ്ട്. ഈ രാജ്യത്തോട് സ്‌നേഹമില്ലാത്ത ഒരുവനും രാജ്യത്തിന്റെ മണ്ണില്‍ ജീവിക്കുന്നത് ശരിയല്ല. ഇതാരെങ്കിലും പറയണ്ടേയെന്നും കേസെടുക്കുന്നതില്‍ ഭയമില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഇന്ത്യയെ തകര്‍ത്ത മാന്യനാണ് ജവഹര്‍ലാല്‍ നെഹ്‌റു. 1951 ജൂണ്‍ 18ന് നെഹ്രു കൊണ്ടുവന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാം ഭേദഗതി അതിന്റെ ആരംഭമാണ്. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഭരണഘടന തരുന്ന അവകാശം ആ ഭേദഗതിയോടെ ഇല്ലാതായി. നെഹ്‌റുവാണ് ഭരണഘടനയിലെ മാറ്റത്തിലൂടെ എന്ത് വൃത്തികേടും ഈ രാജ്യത്ത് ചെയ്യാനാകും എന്ന് തെളിയിച്ചത്. അദ്ദേഹത്തിന്റെ മകളാണ് ഇന്ദിര. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ഇന്ദിരഗാന്ധിയ്ക്ക് കെട്ടിവെച്ച പണം പോലും നഷ്ടപ്പെട്ടു. പക്ഷേ, കേരളത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. ഇത്രയും നാണം കെട്ട പൗരന്മാരുള്ള നാട് വേറെയുണ്ടോ. ഇന്ത്യ എന്ന് പറയുന്നത് തിരുത്തി ഭാരതാംബ എന്ന് പറയണം. ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേരിട്ടത്. അത് മാറണം. ഹൈന്ദവ -ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലേക്കാണ് കേരളം പോകുന്നത്. മുസ്ലീം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ വളര്‍ത്തിക്കൊണ്ടുവരുന്നത് ശരിയാണോ എന്ന് മുസ്ലിം സമൂഹം ചര്‍ച്ച ചെയ്യണം. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഭാരത്തത്തിന്റെ മണ്ണില്‍ ജീവിക്കുന്നത് ശരിയല്ല. അത് പറയുമ്പോള്‍ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.




